/kalakaumudi/media/media_files/2025/01/26/ZL6gmwOd73UajF4MoU09.jpg)
bjp palakkad
പാലക്കാട് : പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തില്‍ ഭരണമുളള ഏക നഗരസഭയായ പാലക്കാട് ഭരണം തുലാസിലായി. ഒന്‍പത് കൗണ്‍സിലര്‍മാരാണ് നാളെ പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
പ്രത്യേകം യോഗം ചേര്‍ന്ന കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിര്‍ന്ന ബിജെപി നേതാവ് സി കൃഷ്ണകുമാര്‍, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.
എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞു. ബിജെപി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും സ്ഥിരീകരിച്ചു.
പുതിയ ജില്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ ഒരു മാനദണ്ഡവും ലംഘിച്ചിട്ടില്ലെന്ന് നിലവിലെ ജില്ല പ്രസിഡന്റ് കെഎം ഹരിദാസ് പറഞ്ഞു. ആര്‍ക്കെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ പരിഹരിക്കും. ആരും ഇതുവരെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും ഹരിദാസ് വിശദീകരിച്ചു.
അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ വഴി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും വിമത കൗണ്‍സിലര്‍മാരെ ബന്ധപ്പെട്ടു. കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയാണെങ്കില്‍ നഗരസഭ ബിജെപിക്ക് നഷ്ടമാകും.