100 വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്ന് പ്രതികരണം

പൂര്‍വവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയല്‍വാസികള്‍ക്കെതിരെ ചെന്താമര തുടര്‍ച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്

author-image
Biju
New Update
zd

Rep. Img

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ചെന്താമരയെ ആലത്തൂര്‍ സബ് ജയിലില്‍ എത്തിച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ചെയ്തത് തെറ്റാണെന്നും നൂറു വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകര്‍ത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി  പുറത്തിറങ്ങാന്‍ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എന്‍ജിനീയറായ മകളുടെയും മരുമകന്റെയും മുന്നില്‍ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

കൊലപാതകങ്ങള്‍ നടത്താനുള്ള പദ്ധതി നടപ്പായതിന്റെ സന്തോഷത്തിലാണ് ചെന്താമരയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകങ്ങള്‍ നടത്തുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ചെന്താമര കൊടുവാള്‍ വാങ്ങി സൂക്ഷിച്ചിരുന്നു.

പൂര്‍വവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയല്‍വാസികള്‍ക്കെതിരെ ചെന്താമര തുടര്‍ച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിനു മുഴുവന്‍ ഭീഷണിയാണ്. വീട്ടില്‍ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

palakkad news