പാലരുവി എക്‌സ്‌പ്രസിന്റെ സ്‌പ്രിംഗ് പൊട്ടി; ട്രെയിൻ വൈകിയത് മൂന്നു മണിക്കൂർ

പാലരുവി എക്‌സ്‌പ്രസ് ട്രെയിനിന്റെ ഷോക്ക് അബ്സോർബർ സ്‌പ്രിംഗ് പൊട്ടിയതിനെ തുടർന്ന് ട്രെയിൻ മൂന്ന് മണിക്കൂറിലേറെ വൈകാനിടയായ സംഭവത്തിൽ റെയിൽവേ അന്വേഷണമാരംഭിച്ചു.

author-image
Shyam
New Update
train

കൊച്ചി: പാലരുവി എക്‌സ്‌പ്രസ് ട്രെയിനിന്റെ ഷോക്ക് അബ്സോർബർ സ്‌പ്രിംഗ് പൊട്ടിയതിനെ തുടർന്ന് ട്രെയിൻ മൂന്ന് മണിക്കൂറിലേറെ വൈകാനിടയായ സംഭവത്തിൽ റെയിൽവേ അന്വേഷണമാരംഭിച്ചു. പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്‌പ്രസിന്റെ മദ്ധ്യഭാഗത്തെ എസ് 5 റിസർവേഷൻ കോച്ചിന്റെ വീലുകളോട് ചേർന്ന സ്‌പ്രിംഗാണ് പൊട്ടിയത്.

ഞായറാഴ്ച രാത്രി 7.06ന് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ട്രെയിൻ എക്‌സാമിനേഴ്സ് ചെക്ക്പോയിന്റിലെ ജീവനക്കാർ അപായസൂചന നൽകിയത്. കോച്ചുകളുടെ വീലിനോട് ചേർന്ന് ഇരുഭാഗത്തുമായി 6 വീതം സ്‌‌പ്രിംഗുകൾ ഉൾപ്പെട്ടതാണ് ഷോക്ക് അബ്സോർബർ സംവിധാനം.

തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ മെക്കാനിക്കൽ വിഭാഗം കൺട്രോൾ റൂമിൽ അറിയിച്ചു. തൊട്ടുപിന്നാലെ വന്ന കാസർകോ‌ട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നോർത്ത് സ്റ്റേഷനിൽ സ്റ്റോപ്പുള്ളതിനാൽ പാലരുവിയുടെ അറ്റകുറ്റപ്പണി തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടത്താൻ തീരുമാനിച്ചു. തുടർന്ന് 7.51ന് നോർത്ത്സ്റ്റേഷനിൽനിന്ന് മണിക്കൂറിന് 30 കിലോമീറ്റർ വേഗതയിൽ പുറപ്പെട്ട പാലരുവി 20 മിനിറ്റെടുത്ത് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി. ഇടപ്പള്ളിയിൽ നിറുത്തിയിട്ടിരുന്ന വന്ദേഭാരത് 40 മിനിറ്റ് വൈകി നോർത്ത് സ്റ്റേഷനിലെത്തി.

തൃപ്പൂണിത്തുറ സ്റ്റേഷനിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ രണ്ട് മണിക്കൂർ ശ്രമിച്ചാണ് തകരാർ പരിഹരിച്ചത്. ആറ് സ്‌പ്രിംഗുകളും അഴിച്ചുമാറ്റി പുതിയ സ്‌പ്രിംഗുമായി കൂട്ടിയോജിപ്പിച്ചാണ് ഘടിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം ഡിവിഷൻ സീനിയർ മെക്കാനിക്കൽ എൻജിനിയറുടെ അനുമതി കിട്ടിയശേഷം രാത്രി 10.23ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് യാത്ര തുടർന്നു. തൃശൂരിനും എറണാകുളം നോർത്തിനും ഇടയിൽവച്ചാണ് സ്‌പ്രിംഗ് പൊട്ടിയതെന്ന് സംശയിക്കുന്നു. തൃശൂർ സ്റ്റേഷനിൽ പാലരുവി എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ തകരാർ കണ്ടെത്തിയിരുന്നില്ല.

kochi railway