പൊങ്കാല ദിവസം മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണം; പാളയം ഇമാമിന്റെ പ്രസംഗത്തില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയ

കുടിവെള്ളവും റമദാന്‍ വിഭവങ്ങളുമെല്ലാം അവര്‍ക്ക് നാം സമ്മാനിക്കണം. അവര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂര്‍ണമായും അവര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം

author-image
Biju
New Update
imam2

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി പാളയം ഇമാമിന്റെ പ്രസംഗം. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി മസ്ജിദുകളും വീടുകളും വിശ്രമത്തിനായി തുറന്നുകൊടുക്കണമെന്നും പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നും പറയുന്ന ഇമാമിന്റെ പ്രസംഗം ഇതിനോടകം വൈറലാണ്.

'ആറ്റുകാല്‍ പൊങ്കാലയാണ് ഏതാനും ദിവസങ്ങള്‍ക്കകം വരുന്നത്. വേറെ ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ അതിന്റെ ആചാരങ്ങളിലും ചടങ്ങുകളിലും നമ്മള്‍ പങ്കാളികളല്ല. പക്ഷേ, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സന്ദര്‍ഭമാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ നമുക്ക് സാധിക്കണം.', പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറഞ്ഞു.

'കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ റമദാനിലാണ് ഈ വര്‍ഷവും പൊങ്കാല നടക്കുന്നത്. റമദാനിന്റേതായ ഏറ്റവും നല്ല സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ അനുഭവങ്ങള്‍ പൊങ്കാലയ്ക്കെത്തുന്ന നമ്മുടെ സഹോദരിമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും സമ്മാനിക്കുവാന്‍ നമുക്ക് സാധിക്കണം.', ഇമാം കൂട്ടിച്ചേര്‍ത്തു.

'കുടിവെള്ളവും റമദാന്‍ വിഭവങ്ങളുമെല്ലാം അവര്‍ക്ക് നാം സമ്മാനിക്കണം. അവര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂര്‍ണമായും അവര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സ്നേഹവും സാഹോദര്യവും തുറന്നുകാണിക്കാനുള്ള സന്ദര്‍ഭമാണിത്.' അദ്ദേഹം പറഞ്ഞു. 

സ്നേഹവും സാഹോദര്യവുംകൊണ്ട് മാത്രമേ ലോകത്തും രാജ്യത്തും വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയേയും വിദ്വേഷത്തേയും പ്രതിരോധിക്കാന്‍ സാധിക്കൂ എന്ന പൂര്‍ണമായ ബോധ്യം ഉണ്ടാവണമെന്നും അതിനുള്ള മികച്ച സന്ദര്‍ഭമാണ് ഇതെന്നും അദ്ദേഹം വെള്ളിയാഴ്ച നമസ്‌കാരത്തില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.