/kalakaumudi/media/media_files/2025/07/26/palod-3-2025-07-26-20-44-03.jpg)
തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.
എല്‍ഡിഎഫിനു മൂന്നാമതും തുടര്‍ഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലടക്കം കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പഞ്ചായത്ത് തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താഴെ വീഴും. അറുപത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. എല്‍ഡിഎഫ് ഭരണം തുടരുമെന്നും, അതോടെ കോണ്‍ഗ്രസിന്റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി പറഞ്ഞു.