ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

ശബരിമല മാസ്റ്റർപ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ.....

author-image
Shibu koottumvaathukkal
New Update
Screenshot_20250919_015835_ImageSearchMan

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് പമ്പാ തീരം ഒരുങ്ങി. നാളെ (സെപ്റ്റംബർ 20, ശനിയാഴ്ച) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്കാരിക പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

​പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പമ്പ മണപ്പുറത്തും ഹിൽടോപ്പിലുമായി ജർമൻ ഹാങ്ങർ പന്തലുകൾ തയ്യാറാക്കിയിട്ടുണ്ട്. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയിലുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന-സമാപന സമ്മേളനങ്ങൾ നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 3,000 പ്രതിനിധികൾക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനാണ് പന്തൽ നിർമാണ ചുമതല നിർവഹിച്ചത്. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് നിർമാണം. സംഗമത്തിന് ശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. ശുചിമുറികളടക്കമുള്ള അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.

​പ്രധാന ചർച്ചാവിഷയങ്ങൾ

​സംഗമത്തിൽ മൂന്ന് സമാന്തര സെഷനുകൾ നടക്കും. ശബരിമല മാസ്റ്റർപ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ എന്നിവർ സെഷനുകളിൽ പങ്കെടുക്കും.

​പ്രധാന പരിപാടികൾ

​രാവിലെ 6ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 9 മുതൽ 11 വരെ ഉദ്ഘാടന സമ്മേളനവും തുടർന്ന് സമാന്തര സെഷനുകളും നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടിയും വൈകിട്ട് ചർച്ചകളുടെ സമാഹരണവും സമാപന സമ്മേളനവും നടക്കും. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.

pathanamthitta pathanamthita shabari mala shabarimala