പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ റിമാന്‍ഡില്‍

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് രാഹുലിനെ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രാഹുലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 29ാം തീയതി കോടതി പരിഗണിക്കും.

author-image
Prana
New Update
rahul

രാഹുല്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി. ഗോപാലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് രാഹുലിനെ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രാഹുലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 29ാം തീയതി കോടതി പരിഗണിക്കും.
വീണ്ടും രാഹുലിന്റെ മര്‍ദനമേറ്റതായി കാണിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. പഴയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്. മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണു യുവതി പോലീസില്‍ പരാതി നല്‍കിയത്. പരുക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്ന് തിങ്കളാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, പോലീസ് എത്തിയപ്പോള്‍ തനിക്കു പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ചൊവ്വാഴ്ച രാവിലെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയാണു യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ മേയിലാണ് രാഹുലിന് എതിരെ യുവതി ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. ഇതിനിടെ പരാതി പിന്‍വലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

 

Rahul P. Gopal pantheeramkav domestic violence case