ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന രാഹുൽ ഗോപാലിന്റെ ഹർജി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ഗാർഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഭർത്താവ് രാഹുൽ ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ഗാർഹിക പീഡന പരാതി എന്ന നിലയിൽ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. കേസിലെ പ്രതിയായിരുന്ന രാഹുൽ ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രാഹുൽ ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയിരിക്കുന്നത്.