കൊടി സുനിയുടെ പരോള്‍; നിയമ വാഴ്ചയോടുള്ള വെല്ലുവിളി: വിഡി സതീശന്‍

പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

author-image
Prana
New Update
vd satheesan against saji cherian

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
'അമ്മ അസുഖബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹമാണ്. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കവെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോള്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂര്‍ണമായും കൊലയാളി പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി വധക്കേസിലെയും പെരിയ ഇരട്ടക്കൊലക്കേസിലെയും പ്രതികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്കും നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ക്കും സംരക്ഷണം നല്‍കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഓരോ നടപടികളിലൂടെയും കേരളത്തോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

kodi suni vd satheesan parole