/kalakaumudi/media/media_files/2026/01/16/cpm-bjp-congress-kalakaumudi-2026-01-16-11-04-55.jpg)
ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഈഴവ, തീയ്യ പ്രാതിനിധ്യം കുറയുന്നു. പ്രധാന പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളിലേക്കാണ് സമുദായങ്ങളെ തഴയുന്നത്. ഇതര സമുദായാംഗങ്ങള്‍ സമുദായ സംഘടനകള്‍ വഴി സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുന്നു.
സംസ്ഥാന ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള സമുദായമാണ് ഈഴവ, തീയ്യര്‍ വിഭാഗങ്ങള്‍. 23 ശതമാനമാണെന്നാണ് കണക്ക്.എന്നാല്‍ ഇവരെ പിന്തള്ളിക്കൊണ്ടാണ് മറ്റു സമുദായങ്ങള്‍ താക്കോല്‍ സ്ഥാനങ്ങള്‍ കൈയാളുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിന്റെ അത്ര പ്രാതിനിധ്യം ഇപ്പോള്‍ ഇല്ല.
സമുദായത്തില്‍ നിന്നും ഒരാളെപ്പോലും പുതുതായി നേതൃനിരയിലേക്ക് എത്തിക്കാന്‍ ആരും തയാറാകുന്നുമില്ല.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകാറില്ല. ഇതര സമുദായങ്ങളിലുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ വാരിക്കോരി നല്‍കാറാണ് പതിവ്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചി മേയര്‍ സ്ഥാനം. എല്‍ഡിഎഫ്, യുഡിഎഫ് എന്‍ഡിഎ തുടങ്ങിയ രാഷ്ട്രീയ മുന്നണികളിലും വിവിധ സമുദായങ്ങളിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. നിലവിലെ സ്ഥിതിവിവരക്കണക്ക് പരിശോധിച്ചാല്‍ എല്‍ഡിഎഫില്‍ മാത്രമാണ് ഈഴവ, തീയ്യ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുള്ളത്.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളില്‍ ഈഴവ, തീയ്യ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറുപേരാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. കടകംപള്ളി, സുരേന്ദ്രന്‍, എം.എം. മണി, ടി.പി. രാമകൃഷ്ണന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരായിരുന്നു പിണറായിയെ കൂടെ മന്ത്രിസഭയിലുണ്ടായിരുന്നവര്‍. ഇതില്‍ കൃഷ്ണന്‍കുട്ടി ജനതാദളില്‍ നിന്നും ശശീന്ദ്രന്‍ എന്‍സിപിയില്‍ നിന്നും മന്ത്രിമാരായവരാണ്. മറ്റുള്ളവരെല്ലാം സിപിഎമ്മില്‍ നിന്നുള്ളവരാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും പിണറായി ഉള്‍പ്പെടെ ആറുപേര്‍ മന്ത്രിസസഭയിലെത്തി. ആര്‍. ബിന്ദു, വി.എന്‍. വാസവന്‍ എന്നിവരാണ് സിപിഎമ്മില്‍ നിന്നുള്ള മന്ത്രിമാര്‍. കെ. കൃഷ്ണന്‍കുട്ടിയും എ.കെ. ശശീന്ദ്രനും ഇത്തവണത്തെ മന്ത്രിയസഭയിലുണ്ട്. സിപിഐയില്‍ നിന്നും ജെ. ചിഞ്ചുറാണിയും ഈഴവ സമുദായത്തില്‍ നിന്നുള്ള മന്ത്രിയായി.
സിപിഎമ്മിലെ പാര്‍ട്ടി നേതൃനിര നോക്കിയാലും ഈഴവ സമുദായാംഗങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഏഴുപേരാണ് ഈ സമുദായത്തില്‍ നിന്നുള്ളത്. പിണറായി വിജയന്‍, ടി.പി. രാമകൃഷ്ണന്‍, എ. വിജയരാഘവന്‍, വി.എന്‍. വാസവന്‍, വി. ജോയി, ആര്‍. ബിന്ദു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
സിപിഎം കേന്ദ്രകമ്മിറ്റിയില്‍ മൂന്നു ഈഴവ സമുദായാംഗങ്ങളുണ്ട്. ടി.പി. രാമകൃഷ്ണന്‍, എ. വിജയരാഘവന്‍, പിണറായി വിജയന്‍ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എന്നീ മൂന്ന് ഈഴവ സമുദായാംഗങ്ങളുണ്ട്.
എന്നാല്‍ കോണ്‍ഗ്രസിനകത്ത് അടൂര്‍ പ്രകാശ് മാത്രമാണ് സമുദായത്തില്‍ നിന്നും നേതൃസ്ഥാനത്തുള്ളത്. യുഡിഎഫ് കണ്‍വീനറായ അദ്ദേഹം ആറ്റിങ്ങലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ്. അദ്ദേഹത്തിനു ശേഷം ഈഴവ, തീയ്യ സമുദായത്തില്‍ നിന്നും ആരാണ് കോണ്‍ഗ്രസില്‍ ഉണ്ടാവുക എന്നു ചോദിച്ചാല്‍ ഉത്തരമില്ല.
ആലപ്പുഴക്കാരനായ ഈഴവ സമുദായത്തില്‍പ്പെട്ട എം. ലിജു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടി ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, വി.എം. സുധീരന്‍ എന്നിവര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സൈ്വര്യമായി ആ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍ പോലും ഈ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടായിട്ടില്ല. അവിടെയെല്ലാം ഇതര സമുദായ അപ്രമാധിത്യമാണ് ഉണ്ടായിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും ഈഴവ, തീയ്യ സമുദായത്തിന് അര്‍ഹമായ സ്ഥാനം ലഭിച്ചിരുന്നില്ല. അന്ന് മന്ത്രിയായത് അടൂര്‍ പ്രകാശ് മാത്രമായിരുന്നു.
അതിനു മുമ്പുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചുപേരാണ് ഈഴവ, തീയ്യ സമുദായത്തില്‍ നിന്നും ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ അടൂര്‍ പ്രകാശ് കഴിഞ്ഞാല്‍ ഈ സമുദായത്തില്‍ നിന്നും ഒരാളെപ്പോലും നേതൃനിരയിലേക്ക് കൊണ്ടുവന്നിട്ടില്ല.
യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴും ഈഴവ, തീയ്യ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പോലും അര്‍ഹമായ സ്ഥാനങ്ങളില്‍ നിയമനം നല്‍കാറില്ല. അവിടെയും ഇതര സമുദായത്തില്‍പ്പെട്ടവരെയാണ് നിയമിക്കാറുള്ളത്.
ബിജെപി നേതൃനിരയില്‍ നിന്നും ഈഴവ, തീയ്യ സമുദായത്തെ തുടച്ചുനീക്കി. നേരത്തെ വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ എന്നിവരാണ് സമുദായത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റുമാരായി വന്നത്. കെ. സുരേന്ദ്രനെ മാറ്റി പകരം ഇതര സമുദായത്തിലെ രാജീവ് ചന്ദ്രശേഖറാണ് നിലവിലെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതൃനിരയെ പുനഃസംഘടിച്ചപ്പോഴും ഈഴവ, തീയ്യ സമുദായത്തെ പാടേ തഴഞ്ഞു.
ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി ശോഭാ സുരേന്ദ്രന്‍ മാത്രമാണ് ഈഴവ സമുദായാംഗമായുള്ളത്. കെ. സുരേന്ദ്രനെയോ, വി. മുരളീധരനെയോ പാര്‍ട്ടിയുടെ ഒരു സ്ഥാനത്തേക്കും നിയമിച്ചതുമില്ല. ഇതിനൊക്കെ പുറമെ ഈ മൂന്നു നേതാക്കള്‍ കഴിഞ്ഞാല്‍ ഈഴവ, തീയ്യ സമുദായത്തില്‍ നിന്നും മറ്റൊരാളും ബിജെപിയുടെ നേതൃത്വത്തിലേക്ക് വരാനില്ലെന്നതും വാസ്തവമാണ്.
ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ഈഴവ, തീയ്യ സമുദായത്തിന് അര്‍ഹമായ സ്ഥാനം നല്‍കുകയും അവരെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നത് എല്‍ഡിഎഫാണ്. ഉദ്യോഗസ്ഥ തലത്തില്‍ പോലും ഈ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ കണക്കുകൂട്ടിയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫിനെയും പുകഴ്ത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
