യാത്രക്കാരി അബോധാവസ്ഥയിലായി: 'ആംബുലൻസാ'യി ട്രാൻസ്പോർട്ട് ബസ്

യാത്രയ്ക്കിടെ യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസ് സ്വകാര്യാശുപത്രിയിലേക്ക് ഓടിച്ച് കയറ്റി ജീവനക്കാർ രക്ഷകരായി.

author-image
Shyam
New Update
ksrtc

കൊച്ചി : യാത്രയ്ക്കിടെ യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസ് സ്വകാര്യാശുപത്രിയിലേക്ക് ഓടിച്ച് കയറ്റി ജീവനക്കാർ രക്ഷകരായി. എറണാകുളത്തെ സ്വകാര്യ സ്ഥാപത്തിൽ അക്കൗണ്ടന്റായ തൃശൂർ കണ്ടക്കാട് കമ്പിയിൽ വീട്ടിൽ അമയ കൃഷ്ണനെയാണ് (23) കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിലെത്തിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് അമയയും സഹപ്രവർത്തകയും വീട്ടിലേക്ക് പോകാനാണ് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് തൃശൂർ വഴി പാലക്കാടേയ്ക്ക് പോകുന്ന ബസിൽ കയറിയത്. ബസ് ആലുവ സ്റ്റാൻഡ് വിട്ടപ്പോഴേക്കും അമയ അബോധാവസ്ഥയിലായി. കൂടെയുണ്ടായിരുന്ന സഹപ്രവർത്തക വിവരം ബസ് കണ്ടക്ടർ സിജിൽ സക്കറിയയെ അറിയിച്ചു. തുടർന്ന് കണ്ടക്ടറുടെ നിർദ്ദേശപ്രകാരം ബസ് ആലുവ നജാത്ത് ആശുപത്രിയിലേക്ക് വിടുകയായിരുന്നു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് ബസ് തിരികെ പാലക്കാട്ടേക്ക് പുറപ്പെട്ടത്. യുവതിയുടെ ആരോഗ്യനിവ തൃപ്തികരമാണെന്നും ഇവരുടെ വീട്ടിൽ നിന്നും ആളെത്തിയ ശേഷം വിടുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ksrtc driver