/kalakaumudi/media/media_files/2025/07/15/ben-2025-07-15-08-57-15.jpg)
കൊച്ചി : യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്ന് ആലുവ തുരുത്ത് പാലത്തിൽ നിശ്ചലമായ ട്രെയിൻ ടി.ടി.ഇയുടെ മനോധൈര്യത്തിൽ സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം - മംഗലാപുരം ഏറനാട് എക്സ്‌പ്രസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷൊർണൂർ ഡിപ്പോയിലെ ടി.ടി.ഇ ബെൻ തമ്പിയുടെ മനോധൈര്യമാണ് സഹായകമായത്.
ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് എ.സി കോച്ചായ സി. വണ്ണിലെ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചത്. ട്രെയിൻ ഓട്ടം നിൽക്കുമ്പോൾ പാതിയിലേറെയും തുരുത്ത് പാലത്തിലായിരുന്നു. പെരിയാറിന് കുറുകെയുള്ള റെയിൽവേ പാലത്തിൽ ബോഗികൾക്കിടയിലൂടെ ഇറങ്ങിയാണ് ബെൻ ചങ്ങല പുനഃസ്ഥാപിച്ചത്. സാധാരണയായി, ട്രെയിനിന്റെ മുൻഭാഗത്താണെങ്കിൽ അസി. ലോക്കോ പെെലറ്റും പിന്നിലാണെങ്കിൽ ഗാർഡുമാരുമാണ് ഇത്തരം സന്ദർഭങ്ങളിൽ ചങ്ങല പുന:സ്ഥാപിക്കുന്നത്. ഇവിടെ ചങ്ങല പുന:സ്ഥാപിക്കേണ്ട ഭാഗം പാലത്തിലായതിനാൽ ഇരുവർക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ബെൻ ഷർട്ട് ഊരിമാറ്റി സാഹസികമായി പാലത്തിലേക്ക് ഇറങ്ങിയത്.
പാലത്തിൽ ട്രാക്കിനു നടുവിലായി ഒരാൾക്ക് മാത്രം നടക്കുവാൻ കഴിയുന്ന വിധത്തിൽ ഇരുമ്പ് ഷീറ്റു മാത്രമാണുള്ളത്. ബോഗിയുടെ അടിയിലെത്തിയാണ് ചങ്ങല പുനഃസ്ഥാപിക്കേണ്ടത്.
ഏറനാട് എക്സ്‌പ്രസി പിന്നാലെ വന്ദേഭാരത് കടന്നു പോകേണ്ടതിനാൽ സമയം പാഴാക്കാനില്ലായിരുന്നു. എൻജിൻ ഡ്രൈവറുടായും ഗാഅഡുമാരുടായും അനുമതിയോടെയാണ് ടി.ടി.ഇ സാഹസത്തിന് തയ്യാറായത്.
ഒപ്പമുണ്ടായിരുന്ന ടി.ടി.ഇ പി.ആർ. സുഹാസാണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.