വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവം; അന്വേഷണം നടത്തുമെന്ന്  റെയിവേ

ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പുനൽകി. ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

author-image
Anagha Rajeev
New Update
venad exp
Listen to this article
0.75x 1x 1.5x
00:00 / 00:00

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പുനൽകി. ഒരിഞ്ച് പോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ ട്രെയിനിൽ തളർന്നുവീണിരുന്നു.

ട്രെയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച് അനുവദിക്കുകയെന്നും ഇക്കാര്യം പരിഗണനയിലാണെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാർ ആരോപിച്ചു. ദുരിതയാത്രയിൽ യാത്രക്കാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. വന്ദേഭാരത് ട്രെയിനിന് വേണ്ടി സമയം മാറ്റിയതോടെയാണ് വേണാട് എക്സ്പ്രസിലെ യാത്ര ദുരിതയാത്രയായതെന്ന് യാത്രക്കാർ പറയുന്നു.

എന്നാൽ എറണാകുളം വരെയുള്ള യാത്രയിൽ ആകെ 19 മിനിറ്റാണ് വൈകിയതെന്നും വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിട്ടില്ലെന്നുമാണ് റെയിൽവേ പറയുന്ന വാദം. വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർ കുഴഞ്ഞു വീണ സംഭവത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ദീർഘദൂര യാത്രക്കാർ ട്രെയിനിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. റെയിൽവെയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ട് ഇതെല്ലാം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ പുതിയ ലൈൻ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിൻ പലപ്പോഴും വൈകിയാണ് ഷൊർണൂരിൽ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാർ ഉൾപ്പെടെയാണ് വേണാട് എക്സ്പ്രസ് പിടിച്ചിടുന്നതിൽ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസിൽ പോകണ്ടവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. എറണാകുളം വഴി മെമു സർവീസ് ആരംഭിക്കാതെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

Venad Express