പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദ്ദേശിച്ച് മന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ.ജെ.റീനയ്ക്ക് നിർദേശം നൽകി. നാലു ദിവസത്തിലേറെയായി ലിഫ്റ്റ് തകരാറിലാണ്. കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ താഴേക്ക് ഇറക്കിയിരുന്നത്. ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ തുണി സ്ട്രെച്ചറിൽ കൊണ്ടു പോകുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊണ്ടു പോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ ആരോഗ്യമന്ത്രി സമഗ്ര അന്വേഷമത്തിന് നിർദേശം നൽകിയത്.
ആശുപത്രിയുടെ മൂന്നാം നിലയിലാണ് ഓപ്പറേഷൻ തിയറ്റർ ഉള്ളത്. അടിയന്തരമായി ഓപ്പറേഷൻ തിയറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗികളെയും തുണിയിൽ പൊതിഞ്ഞു കൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ രോഗികള്‍ക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റു വഴിയില്ല. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യം ഇല്ല.
ചുമന്നു മാറ്റാനായി ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ ജീവനക്കാർ വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പലപ്പോഴും കൂട്ടിരുപ്പുകാർ കൂടി സഹായിച്ചിട്ടാണ് രോഗികളെ പുറത്തെത്തിക്കുന്നത് എന്നും അതീവ ഗുരുതരമായ ഈ കാര്യം ആശുപത്രി അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
