ഈ റോഡിലൂടെ എങ്ങനെ വോട്ട് ചെയ്യാന്‍ പോകും? കലാകൗമുദി റോഡിലെ താമസക്കാര്‍ ചോദിക്കുന്നു!

കഴിഞ്ഞ ദിവസം ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ കടന്നു പോകവേ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഒടുടില്‍ ജാഥ വഴി തിരിച്ചുവിടേണ്ടിവന്നു

author-image
Rajesh T L
New Update
kk road
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നവീകരണം ഇഴഞ്ഞുനീങ്ങുന്ന കലാകൗമുദി റോഡിലെ താമസക്കാര്‍ ദുരിതത്തിലാണ്. റോഡ് പണി അനിശ്ചിതമായി നീളുകയാണ്. റോഡിലൂടെ കാല്‍നട യാത്ര പോലും അസാധ്യമാണ്. വാഹനങ്ങള്‍ പുതയുന്നതും ഇരുചക്രവാഹന യാത്രക്കാര്‍ വീഴുന്നതും പതിവാണ്. ആയിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ റോഡിലൂടെ എങ്ങനെ വോട്ട് ചെയ്യാന്‍ പോകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. 

പണി മൂലം കുടിവെള്ളം  മുടങ്ങിയ നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. കോയിക്കല്‍ ലെയ്ന്‍, സൂര്യ നഗര്‍, അവിട്ടം റോഡ്, ബര്‍മ റോഡ് എന്നിവിടങ്ങൡ താമസിക്കുന്നവര്‍ കലാകൗമുദി റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. മുറിഞ്ഞ പാലത്തെയും കണ്ണമ്മൂലയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആയതിനാല്‍ നിരവധി യാത്രക്കാരാണ് റോഡിനെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ ജിജി, കോസ്‌മോ എന്നിവിടങ്ങളില്‍ പോകുന്നവരും ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും താമസക്കാര്‍ ആരോപണം ഉയര്‍ത്തുന്നു. 'മൂന്നു പാര്‍ട്ടിക്കാരുണ്ട്. അതില്‍ ബിജെപിക്ക് ഇവിടേക്ക് തിരിഞ്ഞ നോക്കണ്ട എന്ന മട്ടാണ്. പിന്നെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും. അവരും ഇതുവരെ എന്താണെന്ന് പോലും നോക്കിയിട്ടില്ല. എപ്പോള്‍ വേണമെങ്കിലും പണി തീര്‍ക്കട്ടെ. നടന്നുപോകാനുള്ള സാഹചര്യമെങ്കിലും ഒരുക്കിക്കൂടേ?' ഒരു താമസക്കാരന്‍ ചോദിച്ചു. 

'വളഞ്ഞു ചുറ്റി കഷ്ടപ്പെട്ടാണ് യാത്ര. ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ല. റെസിഡന്‍സ് അസോസിയേഷനുകളും ഒന്നും ചെയ്യുന്നില്ല. ആര്‍ക്കും ഞങ്ങള്‍ വോട്ട് ചെയ്യില്ല. എന്തിനാണ് ചെയ്യുന്നത്? ഇവര്‍ എന്തെങ്കിലും നമുക്ക് വേണ്ടി ചെയ്ത് തന്നിട്ടുണ്ടോ?' മറ്റൊരു താമസക്കാരന്റെ പരാതി.

കഴിഞ്ഞ ദിവസം ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ കടന്നു പോകവേ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഒടുടില്‍ ജാഥ വഴി തിരിച്ചുവിടേണ്ടിവന്നു. 

പണി തീര്‍ത്ത് മണ്ണിട്ടുമൂടിയ ഭാഗങ്ങള്‍, ഗ്യാസ് ലൈനിനും മറ്റും വേണ്ടി വീണ്ടും കുഴിക്കുന്നു. പ്രദേശ വാസികള്‍ എതിര്‍ത്തപ്പോള്‍ മണ്ണിട്ടുനികത്തി. എന്നാല്‍, മഴ പെയ്തതോടെ ചെളിനിറഞ്ഞ കാല്‍നട യാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. അതിനിടെ, റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

 

kerala Thiruvananthapuram