/kalakaumudi/media/media_files/2025/10/27/payepra-2025-10-27-11-59-23.jpg)
ന്യൂസിലന്‍ഡ് പ്ലി മൗത്തിലെ വീട്ടിലെ മലയാളം ലൈബ്രറിയില്‍ പുതിയതായി എത്തിയ പായിപ്ര രാധാകൃഷ്ണന്റെ 'കത്തുകളുടെ പുസ്തകം' വായിക്കുന്ന അങ്കമാലിക്കാരന്‍ ജോബിന്‍ ജോര്‍ജ്.
വെല്ലിങ്ടണ്‍: അക്ഷരങ്ങള്‍ മാഞ്ഞുപോവുകയും പകരം 'ഈ' വായന തഴയ്ക്കുകയും ചെയ്യുന്ന ഇക്കാലത്ത്, ന്യൂസിലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീര നഗരമായ ന്യൂ പ്ലിമൗ ത്തില്‍ അങ്കമാലിക്കാരന്‍ ജോബിന്‍ ജോര്‍ജിന്റെ മലയാളം ലൈബ്രറി ശ്രദ്ധേയമാവുകയാണ്.
എംടി,കേശവദേവ്,ബഷീര്‍, തകഴി, പെരുമ്പടവം തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളെല്ലാം ഇവിടെയുണ്ട്.എന്നാല്‍ ഇവരുടെ കൈയ്യഴുത്തിലുള്ള കത്തുകള്‍ കൂടി ഇപ്പോള്‍ ഈ ലൈബ്രറിയില്‍ ലഭ്യമാണ്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണനയച്ച കത്തുകളുടെ പുസ്തകമാണ് പുതിയ അതിഥി.'ഓ. വി.വിജയനും മുട്ടത്തുവര്‍ക്കിയും', അബുദാബി ശക്തി അവാര്‍ഡ് നേടിയ 'സല്‍ക്കഥകള്‍','വിശുദ്ധ സസ്യങ്ങളും വ്രതങ്ങളും' തുടങ്ങിയ പായിപ്രയുടെ കൃതികളും ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ന്യൂ പ്ലിമൗത്തിലെ മലയാളി സമാജവുമായി സഹകരിച്ച് ജോബിന്‍ ജോര്‍ജ് രൂപീകരിച്ച വായനക്കൂട്ടം എന്ന ഫോണിന്‍ ഗ്രൂപ്പ് വഴിയാണ് പുസ്തകവിതരണം. ഫോണിലെ പുസ്തക ലിസ്റ്റ് പ്രകാരം ആവശ്യപ്പെടുന്ന കൃതികള്‍ സൗജന്യമായി സ്വന്തം കാറില്‍ ജോബിന്‍ എത്തിച്ചു കൊടുക്കുകയും രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു വാങ്ങുകയും ചെയ്യുന്നു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ലൈബ്രറിയിലെ നവാതിഥി യായ 'കത്തുകളുടെ പുസ്തകത്തി'ലൂടെ മലയാളസാഹിത്യകാരന്മാരുടെ സ്വന്തം കൈപ്പടയിലുള്ള കത്തുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രദര്‍ശിപ്പിക്കുവാനും ഉദ്ദേശിക്കുന്നുവെന്ന് ജോബിന്‍ ജോര്‍ജ്. ന്യൂസിലന്‍ഡിലെ മലയാളി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന മലയാളി കാഴ്ച എന്ന യൂട്യൂബ് ചാനലും ജോബിന്‍നടത്തി വരുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
