കൊച്ചി:പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ജീവിത പ്രാരാബ്ധങ്ങളും പ്രായവും ചൂണ്ടിക്കാട്ടി പലരും ശിക്ഷയിൽ ഇളവ് നല്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.അതെസമയം കേസിലെ 15ആം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.ഇനി ജീവിക്കാൻ ആഗ്രഹമില്ല അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള സുരേന്ദ്രന്റെ അപേക്ഷ.
പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളും ഉണ്ടെന്നും ഏറെ നാളുകളായി ജയിലിലാണ് തുടങ്ങിയ കാര്യങ്ങളാണ് ശിക്ഷയിൽ ഇളവ് നൽകുന്നതിനായി മറ്റു പ്രതികൾ ഉന്നയിച്ചത്.പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതാണെന്നും പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹമെന്നും ഏഴാം പ്രതി അശ്വിൻ പറഞ്ഞു. 'അമ്മ രോഗാവസ്ഥയിലാണെന്നും ഡിഗ്രിക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്നും വീട്ടുകാരെ ആറു വർഷമായി കണ്ടിട്ടില്ലെന്നുമാണ് എട്ടാം പ്രതി പറഞ്ഞത്.സിബിഐ പ്രത്യേക കോടതി ജഡ്‌ജി എൻ ശേഷാദ്രിനാഥിന്റെ മുന്നിലായിരുന്നു പ്രതികളുടെ അപേക്ഷ.
കുറ്റക്കാരനാണെന്നു കണ്ടെത്തിയ 14 പ്രതികളും പറഞ്ഞത് കേട്ട ശേഷം ശിക്ഷാവിധി ജനുവരി ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്ന് കോടതി ഉത്തരവിട്ടു.പെരിയ ഇരട്ടക്കൊലക്കേസിലെ 24 പ്രതികളിൽ 10 പേരെ കോടതി വെറുതെ വിട്ടിരുന്നു.ബാക്കി 14 പേർക്കെതിരെ ഗൂഢാലോചനക്കുറ്റവും കൊലപാതകവും തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്നാണ് ശരത്‌ലാലിന്റെയും കൃപേഷിന്റേയും കുടുംബങ്ങൾ പ്രതികരിച്ചത്.