ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ മാല മോഷണക്കേസുമായി ബന്ധപ്പെട്ട് ദളിത് യുവതിയെ അനധികൃതമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ എസ്ഐയുടെയും എഎസ്ഐയുടെയും സസ്പെന്‍ഷന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. സംഭവം വിലിയ വിവാദമാവുകയും വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് തണുപ്പിക്കുകയാണ് ഉന്നതര്‍ ചെയ്തത്. എന്നാല്‍ പൊലീസ് സേനയിലെ നടപടിക്രമങ്ങള്‍ കൃത്യമായും പരിശോധിച്ചിരുന്നുവെങ്കില്‍ യഥാര്‍ത്ഥത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കി വിവാദം തണുപ്പിക്കാനായിരുന്നു മേലുദ്യോഗസ്ഥര്‍ ശ്രമിച്ചത്.
സംഭവം വലിയ വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് എസ്ഐ പ്രസാദിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തത്. ആദ്യം എസ്ഐയെ മാത്രമായിരുന്നു സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവ ദിവസം സ്റ്റേഷനിലുണ്ടായിരുന്ന ജിഡിയായ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. അദ്ദേഹമാണ് മോശമായി പെരുമാറിയതെന്നായിരുന്നു ആരോപണം. ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയായി നല്‍കിയതോടെ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. അതിനു മുമ്പുതന്നെ സംഭവത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതില്‍ എസ്ഐയ്ക്കും എഎസ്ഐയ്ക്കും വീഴ്ച സംഭവിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്.
റിപ്പോര്‍ട്ടിനു പിന്നാലെ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. ഇതോടെ പേരൂര്‍ക്കട സ്റ്റേഷനിലെ വിവാദം കെട്ടടങ്ങിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഈ കേസില്‍ എസ്ഐയും എഎസ്ഐയും മാത്രമല്ല ഉത്തരവാദികളെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതു കേസിലായാലും ഒരു യുവിതയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അഥവാ ഏതെങ്കിലും പ്രമാദമായ കേസില്‍പ്പെട്ട ആളാണെങ്കില്‍ മാത്രം അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തേക്കാം. ആ വിവരം മാധ്യമങ്ങള്‍ക്കു പോലും ചോര്‍ന്നു കിട്ടാറില്ല.
അതേസമയം ചെറിയ കേസുകളില്‍ ഒരു യുവതിയെ കസ്റ്റഡിയിലെടുത്താല്‍ അക്കാര്യം മേലുദ്യോഗസ്ഥരെ ആദ്യം അറിയിക്കേണ്ട ചുമതല സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത് കൃത്യമായും അറിയിക്കുകയും ചെയ്യും. പേരൂര്‍ക്കട സ്റ്റേഷനിലെ വിഷയത്തിലും മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നതായാണ് സൂചന. എസ്എച്ച്ഒ അന്നേ ദിവസം നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ സംഭവസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. ആ നിലയ്ക്ക് എസ്ഐ ഒരു യുവതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ആ വിവരം കൃത്യമായും സബ് ഡിവിഷന്‍ ഓഫീസറെ ധരിപ്പിക്കണമെന്നാണ് ചട്ടം. ഈ വിഷയത്തിലും സബ് ഡിവിഷന്‍ ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ പറയുന്നു.
സ്വന്തം താത്പര്യ പ്രകാരം ഒരു ജി ഡി ഡ്യൂട്ടിക്കാരനും പാറാവുകാരനും ഒരാളെയും രാത്രി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ഒരു സബ് ഇന്‍സ്പെക്ടറോ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ വിചാരിച്ചാലും രാത്രി ഒരു വനിതയെ പോലീസ് സ്റ്റേഷനില്‍ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. അത്രയ്ക്ക് ശക്തമാണ് പൊലീസിലെ മോണിറ്ററിംഗ് സംവിധാനങ്ങള്‍. സ്വാഭാവികമായും സ്റ്റേഷനുകളില്‍ വനിതകളെ രാത്രി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പാടില്ല എന്ന് അറിയുന്നവരും അതിലെ അപകടം അറിയുന്നവരുമാണ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍. എന്നിട്ടും ഒരു സ്ത്രീയെ ഇത്തരത്തില്‍ ടോര്‍ച്ചര്‍ ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉന്നതരുടെ അറിവോടെ തന്നെയാണ്.
പൊലീസ് സ്റ്റേഷനിലെ രാത്രി കസ്റ്റഡിയിലുള്ള ആളുകളുടെ വിവരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം കൃത്യമായി ശേഖരിക്കും. അത് കണ്‍ട്രോള്‍ റൂം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കും. ഇത് വയര്‍ലെസ് സംവിധാനത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനാല്‍ എല്ലാ ഉദ്യോഗസ്ഥരും അറിയുകയും ചെയ്യും. സ്റ്റേഷനില്‍ ഉന്നത നിലവാരമുള്ള 12 സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലെ ദൃശ്യങ്ങള്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ കാണാവുന്ന വിധത്തില്‍ സ്‌ക്രീനുകള്‍ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും ഉണ്ട്. ഇതേ ദൃശ്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും സാധാരണഗതിയില്‍ ലഭിക്കും. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ കണ്‍ട്രോള്‍ റൂം അത് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കും. സിറ്റികളില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. മറ്റു ജില്ലകളില്‍ ഡിവൈഎസ്പി മാര്‍ക്കും.
കസ്റ്റഡി വിവരങ്ങള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കും. രാത്രി രണ്ടോ മൂന്നോ തവണ ഫോണ്‍ മുഖാന്തിരം സ്റ്റേഷനില്‍ സ്റ്റേഷനിലെ വിവരങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഓഫീസര്‍ ഓരോ പൊലീസ് സ്റ്റേഷനിലും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായി ഉണ്ടാകും. കസ്റ്റഡി വിവരങ്ങളോ സ്റ്റേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വാഭാവികതകളോ സ്റ്റേഷന്‍ പരിധിയിലെ കുറ്റകൃത്യങ്ങളോ രജിസ്റ്റര്‍ ചെയ്യുന്ന കേസ് വിവരങ്ങളോ തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും ഈ ഉദ്യോഗസ്ഥന്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചില്‍ അറിയിക്കും. സ്റ്റേഷന്‍ പരിധിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങള്‍ വരെ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യും. ഈ വിവരങ്ങള്‍ പ്രയോറിറ്റി അനുസരിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യും.
കസ്റ്റഡി, അറസ്റ്റ് വിവരങ്ങള്‍ സ്റ്റേഷനില്‍ സ്റ്റേഷനില്‍ ഉള്ള ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഓഫീസര്‍ ശേഖരിക്കുകയും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിക്ക് ഡിവൈഎസ്പി വഴി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. എസ്എസ്ബി അറിയാതെയും ഒരാളെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധ്യമല്ല. സബ് ഡിവിഷന്‍ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങള്‍ കൃത്യമായി അറിയണം. എസ് എച്ച് ഒ ഇത്തരം വിവരങ്ങള്‍ കൃത്യമായി വിളിച്ചറിയിക്കേണ്ടതുണ്ട്. എസ് എച്ച് ഒ അവധിയിലിരിക്കുമ്പോള്‍ കൃത്യമായും മറ്റൊരാള്‍ക്ക് എസ് എച്ച് ഒ യുടെ ചുമതല ഡി വൈ എസ്പി ഏല്‍പ്പിച്ചു കൊടുത്തിട്ടുണ്ടാവും. സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങള്‍ ഡിവൈഎസ്പി കൃത്യമായി ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും ചെയ്യും.
എല്ലാ രാത്രികളിലും 'സബ് ഡിവിഷന്‍ ചെക്ക് ' എന്ന പേരില്‍ ഓരോ സബ് ഡിവിഷനിലും ഒരു ഇന്‍സ്പെക്ടറുടെയോ സബ് ഇന്‍സ്പെക്ടറുടെയോ നേതൃത്വത്തില്‍ പരിശോധന ഉണ്ടാവും. ഈ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനുകള്‍ പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തും. അസ്വാഭാവികമായ കസ്റ്റഡിയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള മേലധികാരികളെ അറിയിക്കാന്‍ ഈ ഉദ്യോഗസ്ഥന് ചുമതലയുണ്ട്.
എല്ലാ രാത്രിയിലും ജില്ലയിലെ മൊത്തത്തിലുള്ള ചുമതല ഒരു ഡിവൈഎസ്പിക്ക് ആയിരിക്കും. ചില സമയങ്ങളില്‍ ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്താറുണ്ട്. ഈ ഉദ്യോഗസ്ഥന്‍ രാത്രി പരിശോധനകള്‍ നടത്തുകയും ഓരോ പൊലീസ് സ്റ്റേഷനിലും നേരിട്ട് ചെന്ന് പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അസ്വാഭാവികമായ കാര്യങ്ങള്‍ പരിഹരിക്കുകയും ജില്ലാ പൊലീസ് മേധാവിക്ക് അടിയന്തര വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു വനിതയെ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ഉദ്യോഗസ്ഥന്‍ അത് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കേണ്ടതുണ്ട്.
ഇത്രയും സംവിധാനങ്ങളുള്ള ഒരു സംവിധാനത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പണിയെടുക്കുക മാത്രം ചെയ്യുന്ന താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയാണ് എപ്പോഴും ബലിയാടാക്കുകയെന്ന് പൊലീസ് സേനയിലുള്ളവര്‍ തന്നെ പറയുന്നു. ആധുനികവും പരമ്പരാഗതവും സാങ്കേതികവും ആയി വിവിധതരത്തില്‍ കൃത്യമായ മോണിറ്ററിംഗ് സംവിധാനങ്ങളും വിവരശേഖരണ സംവിധാനങ്ങളും ഉള്ള ജില്ലാ പൊലീസ് മേധാവിയും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറും കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും കേരള സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗവും സിറ്റിയിലെ രാത്രി ഡ്യൂട്ടിയിലുള്ള ഡിവൈഎസ്പി റാങ്കിലും ഇന്‍സ്പെക്ടര്‍ റാങ്കിലും ഉള്ള ഉദ്യോഗസ്ഥരും അറിയാതെ, അവരുടെ സമ്മതമോ നിര്‍ദ്ദേശമോ ഇല്ലാതെ ഒരിക്കലും ഒരു വനിതയെയും രാത്രി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം.
എസ്എച്ച്ഒയുടെയോ, എസ്എച്ച്ഒ അവധി ആകുമ്പോള്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥന്റെയോ നിര്‍ദ്ദേശപ്രകാരം ജോലി ചെയ്യേണ്ടി വരുന്ന ഏറ്റവും താഴെക്കിടയിലുള്ള പൊലീസുകാരെയാണ് പേരൂര്‍ക്കട വിഷയത്തില്‍ ബലിയാടാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു അനധികൃത കസ്റ്റഡിയുടെ ഉത്തരവാദിത്വം മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരുടെയും സര്‍വോപരി ജില്ലാ പൊലീസ് മേധാവിയുടെതുമാണെന്ന് നിയമവിദഗ്ധരും പറയുന്നു. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും 20 മണിക്കൂര്‍ നീണ്ട അനധികൃത കസ്റ്റഡി അറിഞ്ഞില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ഇത് ശുദ്ധ കള്ളമായിരിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അറിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ വീഴ്ചയാണ്.
ഒരു യുവതിയെ രാത്രിയില്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചത് ഗുരുതര വീഴ്ച തന്നെയാണ്. എന്നാല്‍ ആ സംഭവം മേലുദ്യോഗസ്ഥര്‍ ആരും അറിഞ്ഞില്ലെന്നു പറഞ്ഞ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുകയാണ് പേരൂര്‍ക്കട വിഷയത്തില്‍ ഉണ്ടായത്. ഒരു സംഭവത്തിലെ നടപടിക്രമങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ കേരളത്തില്‍ എന്തു സംഭവം ഉണ്ടായാലും ബലിയാടാകുന്നത് താഴേത്തട്ടിലുള്ള പൊലീസുകാരാണ്. പേരൂര്‍ക്കടയിലെ കേസില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് വിവാദം അവസാനിപ്പിക്കുക എന്നതായിരുന്നു മേലുദ്യോഗസ്ഥരുടെ ലക്ഷ്യം. അവര്‍ അത് കൃത്യമായി ചെയ്തു. എന്നാല്‍ ബലിയാടായ ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍ ആരും ഉണ്ടായില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് പൊലീസുകാരും പറയുന്നു. പലപ്പോഴും ഓരോ സംഭവങ്ങളിലും യഥാര്‍ത്ഥ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്താറില്ല. അതെല്ലാം താഴെത്തട്ടില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഈ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പൊലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.