/kalakaumudi/media/media_files/2025/08/21/vaz-2025-08-21-17-02-05.jpg)
ഇടുക്കി: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒരു പരിപാടിക്കിടെ എംഎല്‍എ കുഴഞ്ഞുവീഴുകയായിരുന്നു.
കോട്ടയം വാഴൂരാണ് സ്വദേശമെങ്കിലും അടിമുടി ഹൈറേഞ്ചുകാരനാണ് വാഴൂര്‍ സോമന്‍. എവിടെയും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളുകയാണുണ്ടായത്. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിന്റെ സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ വസ്തുതകള്‍ മറച്ചുവച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്റെ 2021-ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസാണ് ഹര്‍ജി നല്‍കിയിരുന്നത്.
വാഴൂര്‍ സോമന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂര്‍ണമെന്നായിരുന്നു ആരോപണം. ആദായ നികുതി റിട്ടേണ്‍സടക്കമുള്ള ചില വിവരങ്ങള്‍ മറച്ചുവച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഭാര്യയുടെ പാന്‍ കാര്‍ഡ് വിവരം നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാന്‍ വാദിച്ചിരുന്നു.
എന്നാല്‍ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങള്‍ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂര്‍ സോമന്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.