/kalakaumudi/media/media_files/2026/02/24/mobile-2026-02-24-08-01-58.jpg)
കൊച്ചി: സ്വകാര്യത നഷ്ടപ്പെടുന്ന വിധം സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ളവരുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ.ഡി.യും മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് ഹൈകോടതിയില്‍ ഹര്‍ജി. നടപടി തടയണമെന്നാവശ്യപ്പെട്ട് അധ്യാപകനായ മലപ്പുറം സ്വദേശി റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി കെ.എം. അനില്‍ കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
'അവകാശങ്ങള്‍ സംരക്ഷിക്കും, ഉറപ്പാണ്, വാക്ക്' എന്ന തലക്കെട്ടിലുള്ള സന്ദേശം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊബൈല്‍ നമ്പറില്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി. വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ വര്‍ധന, ശമ്പള പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ശമ്പളമടക്കം കാര്യങ്ങളുടെ വിവരമറിയാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്കില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ നിയമവിരുദ്ധമായി ശേഖരിച്ച് സര്‍ക്കാര്‍ നേട്ടങ്ങളുടെ പ്രചാരത്തിന് ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത്.
വ്യക്തി വിവരങ്ങള്‍ അനുമതിയില്ലാതെ ശേഖരിക്കുന്നത് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച് പുട്ടുസ്വാമി കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരാണ്. മൊബൈല്‍ നമ്പറിന് പിന്നാലെ ഇ മെയില്‍ ശേഖരിക്കാനും നീക്കം തുടങ്ങിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനക്കെത്തിയേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
