വയനാട്ടില്‍ പുനരധിവാസം മുടക്കിയത് പിണറായി സര്‍ക്കാര്‍: കെ.സുരേന്ദ്രന്‍

കേന്ദ്രം നല്‍കിയ 860 കോടി രൂപ ട്രഷറിയില്‍ ഉണ്ടായിട്ടും ദുരിതബാധിതര്‍ക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

author-image
Prana
New Update
j

വയനാട്ടില്‍ പുനരധിവാസം മുടങ്ങിയത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം നല്‍കിയ 860 കോടി രൂപ ട്രഷറിയില്‍ ഉണ്ടായിട്ടും ദുരിതബാധിതര്‍ക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സര്‍ക്കാര്‍ നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. 
വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണം. ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച രേഖകള്‍ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ 13നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് പിഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. കേട്ടത് പാതി കേള്‍ക്കാത്തത് പാതി കോണ്‍ഗ്രസും അതിനെ പിന്തുണച്ചു. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയില്‍ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാന്‍ അനുവദിച്ചതും സര്‍ക്കാര്‍ മറച്ചുവെച്ചു. എയര്‍ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങള്‍ നീക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം നല്‍കിയ പിഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ച് വയനാടിന് അര്‍ഹമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നുറപ്പാണ്. എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും എത്ര രൂപ വയനാടിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറയണം. ഇല്ലാത്ത കാര്യത്തിന് വേണ്ടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദ്രോഹിച്ചതിന് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്നത് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കപടത വ്യക്തമാക്കുന്നതാണ്. ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദ്രോഹിച്ചത്. കേരളത്തെ കയ്യയച്ച് സഹായിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണമാണ് രണ്ട് മുന്നണികളും നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഭരണപ്രതിപക്ഷം നാടിനെ ഒറ്റുകൊടുക്കുന്നവരാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
വഖഫിന്റെ അധിനിവേശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരും. വഖഫിന്റെ കാര്യത്തില്‍ രണ്ട് മുന്നണികളുടേയും ഇരട്ടത്താപ്പ് തുറന്നു കാണിക്കും. ഉപതിരഞ്ഞെടുപ്പ് ഫലം രണ്ട് മുന്നണികള്‍ക്കുമുള്ള താക്കീതാണ്. ചേലക്കരയില്‍ ഇടതുപക്ഷത്തിന് കുറഞ്ഞ വോട്ടുകള്‍ എന്‍ഡിഎക്കാണ് ലഭിച്ചത്. വയനാട്ടില്‍ പ്രിയങ്ക മത്സരിച്ചിട്ടും പോളിംഗ് കുറഞ്ഞത് കേരളത്തില്‍ ചര്‍ച്ചയായില്ല. പാര്‍ട്ടിയെ തകര്‍ക്കാനുള്ള എല്ലാ ആസൂത്രിതമായ ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

wayanad rehabilitation k suredndran kerala government cm pinarayi vijayan