/kalakaumudi/media/media_files/2025/07/21/shobha-surendran-2025-07-21-10-50-31.jpg)
തിരുവനന്തപുരം : എല്‍ഡിഎഫ് ഭരണത്തിലെ അഴിമതിക്കും അനധികൃത നിയമനങ്ങള്‍ക്കുമെതിരെ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ഏകദിന സത്യാഗ്രഹം നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിപിഎം എന്നാല്‍ അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയുമായി മാറിയെന്ന് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കായി ലക്ഷങ്ങളാണ് വാങ്ങി എടുക്കുന്നത്.
കേന്ദ്രം സംസ്ഥാനത്ത് നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് അനുവദിക്കുന്ന കോടികള്‍ വകമാറ്റി തട്ടിച്ചെടുക്കുകയാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. സംസ്ഥാനത്ത് സത്യസന്ധമായി പെരുമാറുന്ന ഗവര്‍ണറെ ആക്രമിക്കാന്‍ നടക്കുന്ന ഡിവൈഎഫ്‌ഐക്കാര്‍ക്കും എസ്എഫ്‌ഐക്കാര്‍ക്കും സംരക്ഷണം ഒരുക്കുമെന്നു പറയുന്ന പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് ഇതിനെ കുറിച്ച് പിണറായിയോട് ചോദിക്കാന്‍ ധൈര്യമില്ല. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്ന ആളാണ്. ഇപ്പോള്‍ പിണറായി നടത്തുന്ന അഴിമതിയെ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത ഗോവിന്ദനാണ് സിപിഎമ്മിന്റെ ശാപം.
രാജേഷ്, ബിജു തുടങ്ങിയ സിപിഎം നേതാക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ചിന്താജെറോമിനുമൊക്കെ പിച്ച്ഡി കൊടുത്തു ജോലി നല്‍കുകയാണ്. തലസ്ഥാനത്തെ കോര്‍പറേഷനില്‍ പദ്ധതികള്‍ക്കായുള്ള തുക മുഴുവന്‍ സിപിഎമ്മുകാര്‍ കൊണ്ടു പോകുകയാണ്. കണക്ക് ആവശ്യപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരോട് ഇവര്‍ക്ക് മറുപടിയില്ല. അതില്‍ ഏറ്റവും പുതിയതാണ് ശുചീകരണ തൊഴിലാളി നിയമനത്തില്‍ കൗണ്‍സിലര്‍ ഇടം പിടിച്ച സംഭവം. സിപിഎമ്മിന്റെ അഴിമതിയിലും കൈക്കൂലിയിലും കോര്‍പറേഷനിലെ ഒരു വിഭാഗം ഇടത് കൗണ്‍സിലര്‍മാര്‍ അസ്വസ്ഥരാണ്.
അവര്‍ പുറത്തേക്കുള്ള വഴി ആലോചിക്കുകയാണ്. തെറ്റ് ചെയ്യാത്ത അത്തരം കൗണ്‍സിലര്‍മാരെ ബിജെപി സ്വീകരിക്കും. ജനാധിപത്യത്തിന് വേണ്ടി ജനകീയ കോര്‍പറേഷനാക്കി തലസ്ഥാനത്തെ മാറ്റാനുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം. ആര്‍. ഗോപന്‍, കരമന അജിത്, വി. വി. രാജേഷ്, പി. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.