/kalakaumudi/media/media_files/2025/04/11/NjcQm2gAXozoI8PxqUar.jpg)
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ചേര്‍ത്തല യൂണിയന്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനെയും വക്രീകരിക്കാന്‍, തെറ്റായി വ്യാഖ്യാനിക്കാന്‍ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായാണ്. എന്നാല്‍ ചിലര്‍ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. എന്നാലും തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും വെള്ളാപ്പള്ളി പുലര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ രാജ്യത്തു ശക്തിപ്പെട്ടു വരുന്ന കാലമാണ് അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്കു പ്രസക്തി വര്‍ധിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലമാണ്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ശത്രുക്കളായി കാണുകയും ആ ശത്രുത വളര്‍ത്താന്‍ ഒരു വിഭാഗം നിലകൊള്ളുകയും ചെയ്യുന്നു. അതില്‍ നിന്നു വ്യത്യസ്തമാണ് കേരളം. അതിനു കാരണമായത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രമെടുത്താല്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശരിയായ തുടര്‍ച്ചയാണെന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാപൂര്‍വമായ സമീപനം സ്വീകരിക്കുന്ന നേതാവും ഭരണാധികാരിയുമാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാരുമായുള്ള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്.
നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും നടപടികള്‍ക്കും ആത്മാര്‍ഥമായ ഇടപെടലുകള്‍ അദ്ദേഹം നടത്താറുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചുനോക്കിയാല്‍ പിണറായി വിജയന്‍ തന്നെ ഭരണതുടര്‍ച്ചയിലേക്കെത്താനുള്ള കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. മൂന്നാം വട്ടവും മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.