/kalakaumudi/media/media_files/2025/05/19/p0IIfB5pC7WDZ6OZI0zz.webp)
കണ്ണൂര്‍: ആരോഗ്യ മേഖലയെക്കുറിച്ച് തെറ്റായ ചിത്രം അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോളജുകളൊക്കെ നല്ല രീതിയില്‍ അഭിവൃദ്ധിപ്പെട്ടു എന്നാണ് പൊതുവായ അഭിപ്രായം. നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നതു കൊണ്ടുമാത്രം നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണമെന്നില്ല. ബോധപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
''കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാല്‍ നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതില്‍ വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അര്‍പ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. എല്ലാ കാര്യവും പൂര്‍ണമായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.'' മുഖ്യമന്ത്രി പറഞ്ഞു.
''നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകള്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ചിലപ്പോള്‍ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതൃപ്തി ഉണ്ടായാല്‍, അത് കേരളത്തെ വലിയ തോതില്‍ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം പുറത്തുവിട്ടാല്‍, അത് നാം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും.'' മുഖ്യമന്ത്രി പറഞ്ഞു.
''കേരളത്തില്‍ നെഗറ്റീവ് ആയ കാര്യങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നല്ല പ്രവര്‍ത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകളുണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റി മാറിക്കാന്‍ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിലനില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താല്‍പര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍, വാര്‍ത്തകള്‍ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോള്‍ അതിന് മുന്‍കൈ എടുക്കുന്നത്. ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാന്‍ കഴിയണം എന്നതാണ് ഉദ്യോഗസ്ഥര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ തലത്തില്‍ എടുക്കാന്‍ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടല്‍ സാധാരണ രീതിയല്ല. തീരുമാനം അതത് തലത്തില്‍ എടുത്ത് പോവണം. ആരും അതില്‍ ശങ്കിച്ചുനില്‍ക്കാന്‍ പാടില്ല.'' മുഖ്യമന്ത്രി പറഞ്ഞു.