/kalakaumudi/media/media_files/2025/10/02/amit-2025-10-02-21-33-00.jpg)
തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ സാക്കിര്‍ ഹുസൈന്‍ ഡല്‍ഹി കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇടപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിന്‍ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. ഹിന്ദിയില്‍ സംസാരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 സെപ്റ്റംബര്‍ 24 നാണ് സംഭവം നടന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്, അവരുടെ ഭാഷയും സംസ്‌കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. നിയമപാലക ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സാമൂഹിക വിരുദ്ധരില്‍ നിന്നും അത്തരം മോശം പെരുമാറ്റങ്ങളില്‍ നിന്നും ആളുകളെ സംരക്ഷിക്കേണ്ടത് പോലീസിനെപ്പോലുള്ള നിയമപാലക ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്.
പൊലീസ് തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍, പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ത്ഥികളെയും ആളുകളെയും ഉപദ്രവിക്കാന്‍ മറ്റ് കുറ്റവാളികളെ പ്രേരിപ്പിക്കും. ഈ വിഷയം ഗൗരവമായി പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
