/kalakaumudi/media/media_files/2025/07/06/baby-2025-07-06-19-12-28.jpg)
ന്യൂഡല്‍ഹി: കേരളത്തിന്റെ ആരോഗ്യമേഖല മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെയും പ്രശ്‌നങ്ങളുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മന്ത്രിമാര്‍ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും യുകെയില്‍ പോയല്ലേ പഠിച്ചതെന്നും ചിലകാര്യങ്ങളെ പര്‍വതീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ബേബി പറഞ്ഞു.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ ആരോഗ്യമേഖല മുന്നിട്ടുനില്‍ക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും ഈ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ബേബി സമ്മതിച്ചു. 'കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മികച്ചതാണ് എന്ന് പറയുമ്പോഴും കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേണ്ടത്ര വേഗതയിലാണ് നടക്കുന്നുള്ള കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം. മന്ത്രി രാജിവെക്കേണ്ട യാതൊരു ആവശ്യവുമില്ല', എം.എ. ബേബി പറഞ്ഞു.
മന്ത്രിമാര്‍ സ്വകാര്യ ആശുപത്രികളിലാണ് പതിവായി ചികിത്സതേടുന്നത്, എന്തുകൊണ്ട് കേരളത്തിലെ പൊതു ആരോഗ്യമേഖലയെ ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന്, ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ സൌകര്യമുണ്ടെങ്കില്‍ അത് ഉപയോഗിക്കാനാണ് ഓരോരുത്തരും ശ്രമിക്കുകെന്ന് ബേബി മറുപടി നല്‍കി. നമ്മുടെ ആയുര്‍വേദ-ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് എത്രയോ പേര്‍ വരുന്നു. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും യുകെയില്‍ പോയല്ലേ പഠിച്ചത്. പഠിക്കാന്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റിയില്‍ വിദേശത്തെ കുട്ടികളുണ്ട്. കേരളത്തില്‍നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നുണ്ട്. കേരളത്തിലേക്ക് വിദേശത്തുനിന്ന് വരുന്നുണ്ട്. ഇതില്‍ ഒന്നിനെ എടുത്ത് പര്‍വതീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാധാന്യം മനസ്സിലാക്കി ഉചിതമായ ഭാഷ ഉപയോഗിച്ച് അത് അളന്ന് തൂക്കി ഉപയോഗിക്കാന്‍ അറിയാവുന്നയാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.എ. ബേബി പറഞ്ഞു. മൃദുവായി പറയേണ്ടവ മൃദുവായും കടുപ്പിച്ച് പറയേണ്ടവ കടുപ്പിച്ചും പറയും. പിണറായി വിജയന് ആരെയെങ്കിലും പേടിയുണ്ടോ എന്ന ചോദ്യം ചോദിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും എം.എ. ബേബി പറഞ്ഞു. ഭാരതാംബ വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ കത്തുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരു മനുഷ്യനേയും പേടിക്കാത്തയാളാണ് പിണറായി വിജയന്‍. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ. പിണറായിയെ സംബന്ധിച്ചിടത്തോളം അങ്ങനെ ആരേയും പേടിക്കേണ്ട ആവശ്യമില്ല. രാജ്ഭവനുമായി ബന്ധപ്പെട്ടുള്ളത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. നരേന്ദ്ര മോദിയും അമിത് ഷായും കുറേ ഗവര്‍ണര്‍മാരെ തുറന്നുവിട്ടിരിക്കുകയാണ്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയി കുഴപ്പമുണ്ടാക്കാന്‍. ഇത് ചര്‍ച്ചചെയ്യണമെന്നും എം.എ. ബേബി പറഞ്ഞു.