/kalakaumudi/media/media_files/2024/12/18/hxc8ALSm2WMdI2vUzYaL.jpg)
എഴുത്തുകാരനും സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. 'പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. പ്രഭാ വര്‍മ, കവടിയാര്‍ രാമചന്ദ്രന്‍, കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഐ എ എസുകാരനായ കെ ജയകുമാര്‍.
നിലവില്‍ കേരള സര്‍ക്കാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്.
മലയാള ഭാഷയില്‍ നിന്ന് മാത്രം 9 വ്യത്യസ്ത കൃതികളാണ് പുരസ്‌കാര ജൂറിക്ക് മുമ്പില്‍ എത്തിയിരുന്നത്. മൂന്നംഗ ജൂറിയുടെ പ്രത്യേക പരാമര്‍ശവും സാഹിത്യ സംഭാവനയും കണക്കിലെടുത്താണ് കവിത സമാഹാരത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കേരള സര്‍വകലാളാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ കവി, ചലച്ചിത്ര ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. 1952 ഒക്ടോബര്‍ ആറിന് സിനിമാ സംവിധായകനായ എം കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 1978ല്‍ ഐഎഎസ് നേടിയ അദ്ദേഹം കോഴിക്കോട് ജില്ല കളക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
