പ്ലസ് വൺ പ്രവേശനം: വിഷയം വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്യാനൊരുങ്ങി മന്ത്രി ശിവൻകുട്ടി

വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു.

author-image
Vishnupriya
New Update
shivankutti

വി.ശിവൻകുട്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രവേശനത്തിന് മറ്റു പ്രതിസന്ധിയില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. നേരത്തെ, ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പുറപ്പെട്ട മന്ത്രി വി.ശിവൻകുട്ടിക്കു നേരെ കെഎസ്‌യു പ്രവർ‌ത്തകർ കരിങ്കൊടി വീശിയിരുന്നു. അഞ്ച് മിനിറ്റോളം മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിനു നടുറോഡിൽ കിടക്കേണ്ടി വന്നു. വിഷയവുമായി ബന്ധപ്പെട്ട് നാളെ കെഎസ്‌യു സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ തെരുവ് ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്.

plus one admission shivankutty