/kalakaumudi/media/media_files/lgb8uyWi6w3lwLC1Iu9j.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നു
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി.ആയിരങ്ങളുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാവിലെ 11 മണിയോടെയാണ് അദ്ദേഹം കുന്നംകുളത്തെത്തിയത്.ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗം വേദിയിലെത്തിയ അദ്ദേഹം, റോഡിന് ഇരുവശവും കാത്തിരുന്ന ജനസാഗരത്തെ അഭിവാദ്യം ചെയ്തു.
അതെസമയം വടക്കുംനാഥന്റെ മണ്ണിൽ വീണ്ടും വരാൻ സാധിച്ചതിൽ സന്തോശമുണ്ടെന്ന് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്‌ട്രീയമാണ് ഇനി കേരളത്തിൽ ഉണ്ടാകുക. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃപ്രയാറിനെ കേരളത്തിന്റെ അയോദ്ധ്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മഹത്തായ പാരമ്പര്യത്തിന്റെ നാടാണ് കേരളം എന്നും കൂട്ടിച്ചേർത്തു. വിഷുദിനത്തിൽ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയിൽ രാജ്യത്തിന്റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. ആയുഷ് മാൻ ഭാരത് പദ്ധതി പ്രകാരം 73 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ചികിത്സ സഹായം ലഭിച്ചത്. 70 വയസിന് മുകളിലുള്ള എല്ലാവർക്കും ഇനി പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കും, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകളാണ് കേരളത്തിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ഇതിനായാണ് മുദ്രാ വായ്പ പരിധി 20 ലക്ഷമായി ഉയർത്തിയത്.
ഒരുപാട് പാരമ്പര്യമുള്ള സ്ഥലമാണ് കേരളം. അതിമനോഹരമായ പ്രകൃതിഭംഗിക്കൊണ്ട് അനുഗ്രഹിച്ച സ്ഥലം. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും. പാരമ്പര്യം മുറുകേ പിടിച്ച് വികസനം എന്ന നയമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.അടുത്ത അഞ്ച് വർഷം രാജ്യത്ത് പുതിയ എക്സ്പ്രസ് വേകൾ, വന്ദേഭാരത് എക്സ് പ്രസുകൾ എന്നിവ യാഥാർത്ഥ്യമാക്കും. അത്യാധുനിക അടിസ്ഥാന സൗകര്യമായിരിക്കും രാജ്യത്തിന്റെ മുഖമുദ്ര. ദക്ഷിണ ഭാരതത്തിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.