പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പന്‍ പ്രഖ്യാപനം കാത്ത് കേരളം, ഗതാഗത ക്രമീകരണം

പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികള്‍ക്കായുള്ള ആദ്യവേദിയില്‍ രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍ മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും

author-image
Biju
New Update
modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്ത് എത്തുമ്പോള്‍ അതിവേഗ റെയില്‍പാത സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളി, കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തിയതോടെയാണ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ഉയരുന്നത്.

ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനങ്ങളെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ അതിവേഗപാത നിര്‍മിക്കുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികള്‍ക്കായുള്ള ആദ്യവേദിയില്‍ രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍ മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും. 

ഇതേ ചടങ്ങില്‍ തന്നെയാണ് ഇന്നവേഷന്‍, ടെക്‌നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കുക. ലൈഫ് സയന്‍സസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷന്‍, സംരംഭകത്വ പരിശീലനം, ആയുര്‍വേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇന്‍കുബേഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സിഎസ്ഐആറില്‍ ഹബ്ബിനായി 10 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ ചടങ്ങുകള്‍ക്കു ശേഷം പാര്‍ട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും. ഉച്ചയോടെ അദ്ദേഹം മടങ്ങും.

അതേസമയം, തിരുവനന്തപുരം നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുമെന്ന് കരുതേണ്ടെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്തെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പരിപാടി തലസ്ഥാനത്തെ പാര്‍ട്ടി ജനപ്രതിനിധികളെയും 3 ജില്ലകളിലെ പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യുകയാണെന്നും മേയര്‍ പറഞ്ഞു. 

കോര്‍പറേഷന്‍ ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്നും നഗര വികസന രേഖ അവതരിപ്പിക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ബിജെപിയുടെ പ്രഖ്യാപനം. വികസന രേഖയെ കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ടെന്ന് മേയര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായും വിവിധ വകുപ്പുകളുമായും കൂടിയാലോചന നടത്തണം.  പ്രായോഗിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കണം. അടുത്ത മാസം വിവിധ വിഷയങ്ങളില്‍ കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ച ശേഷമേ വികസന രേഖ സംബന്ധിച്ച് രൂപരേഖ തയാറാക്കാന്‍ കഴിയൂ. ഇതിനിടെ കോര്‍പറേഷന്റെ വികസന സെമിനാറു നടത്തണമെന്ന് മേയര്‍ പറഞ്ഞു.

നഗരത്തില്‍ ഗതാഗത ക്രമീകരണം

രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ  ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് - ശംഖുമുഖം -ഓള്‍സെയിന്റ്‌സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്‌ക്വയര്‍- രക്തസാക്ഷി മണ്ഡപം- വിജെറ്റി- മെയിന്‍ഗേറ്റ്- സ്റ്റാച്യു-പുളിമൂട് - ആയൂര്‍വേദ കോളേജ്- ഓവര്‍ബ്രിഡ്ജ്- മേലേപഴവങ്ങാടി-പവര്‍ഹൗസ് ജംഗ്ഷന്‍- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

കൂടാതെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ  ശംഖുംമുഖം - ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് -വലിയതുറ  പൊന്നറപ്പാലം -കല്ലുംമ്മൂട് -അനന്തപുരി ഹോസ്പിറ്റല്‍ -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് - ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - പവര്‍ഹൌസ് ജംഗ്ക്ഷന്‍ വരെയുളള  റോഡിലും,  ചാക്ക-അനന്തപുരി ഹോസ്പിറ്റല്‍  റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

പ്രധാനമന്ത്രി പോകുന്ന സമയത്ത്  പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 1 വരെയും ഗതാഗതം വഴിതിരിച്ചു വിടും.

ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങള്‍ വലിയതുറ - പൊന്നറ പാലം - കല്ലുുംമൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളില്‍ നിന്നും ആള്‍സെയിന്‍സ് വഴി പോകുന്ന വാഹനങ്ങള്‍ മാധവപുരം-വെണ്‍പാലവട്ടം വഴിയും പോകണം.

കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടം -കുമാരപുരം- പട്ടം -കവടിയാര്‍ വഴി പോകണം.

പി.എം.ജി ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങള്‍ എല്‍എംഎസ് - പബ്ലിക് ലൈബ്രറി - പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങള്‍ വഴുതയ്ക്കാട് -വിമന്‍സ് കോളേജ് - തൈക്കാട് വഴിയും പോകണം.

തമ്പാനൂര്‍ ഭാഗത്ത് നിന്നും ഓവര്‍ബ്രിഡ്ജ് വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങല്‍ ചൂരക്കാട്ട്പാളയം- കിള്ളിപാലം - അട്ടക്കുളങ്ങര വഴി പോകണം.

അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കല്‍ വഴിയോ പോകണം. 

കിഴക്കേകോട്ട ഭാഗത്തുനിന്നും പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ അട്ടകുളങ്ങര ഭാഗത്ത് നിന്നാണ് സര്‍വ്വീസ് നടത്തുന്നത്.

പുത്തരികണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാഹനങ്ങളില്‍ എത്തിച്ചേരുന്ന പ്രവര്‍ത്തകരെ കിള്ളിപാലം, അട്ടകുളങ്ങര, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ട്, ചാല സ്‌കൂള്‍  ഗ്രൌണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങള്‍  ഫോര്‍ട്ട് സ്‌കൂള്‍ ഗ്രൌണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂള്‍ഗ്രൗണ്ട്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്ക്‌ചെയ്യണം.

വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍  വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്,  പൊന്നറ പാലം,  വലിയതുറ വഴിയും ഇന്റര്‍നാഷണല്‍  ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍  വെണ്‍പാലവട്ടം  ചാക്ക ഫ്‌ളൈ ഓവര്‍ , ഈഞ്ചക്കല്‍ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി  സര്‍വീസ് റോഡ് വഴിയും പോകണം.