/kalakaumudi/media/media_files/2025/10/28/binoy-2025-10-28-18-05-13.jpg)
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സമവായത്തിലെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നു സിപിഐ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭ യോ?ഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചതായാണ് വിവരം.
സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ വിട്ടു നില്‍ക്കുമെന്നാണ് സൂചന. ഇന്നു ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് നിര്‍ണായക തീരുമാനം.
വിഷയത്തില്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഇടപെട്ടെങ്കിലും പ്രശ്‌നപരിഹാരം സാധ്യമായിരുന്നില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വയുമായി എം.എ ബേബി ഫോണില്‍ സംസാരിച്ചെങ്കിലും രമ്യതയിലെത്താനായില്ലെന്നാണ് വിവരം. സര്‍ക്കാര്‍, പദ്ധതിയില്‍ നിന്ന് പിന്‍മാറാതെ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് സിപിഐ.
അതേസമയം, പ്രശ്‌നപരിഹാരത്തിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ലെന്നുമാണ് ആലപ്പുഴ ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി നടന്ന അനുനയ ചര്‍ച്ചയ്ക്കു ശേഷം ബിനോയ് വിശ്വം പ്രതികരിച്ചത്.
'മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അടുത്തഘട്ട തീരുമാനങ്ങള്‍ പിന്നാലെ അറിയിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വം ഉണ്ട്. ആവശ്യമുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ശേഷം തീരുമാനം വ്യക്തമാക്കും,' ബിനോയ് വിശ്വം തിങ്കളാഴ്ച പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
