മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം- ഹൈദരാബാദ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെയും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിക്കുക

author-image
Devina
New Update
trains

തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് അനുവദിച്ച് മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍- താംബരം, നാഗര്‍കോവില്‍ ജങ്ഷന്‍- മംഗലൂരു ജങ്ഷന്‍, തിരുവനന്തപുരം- ഹൈദരാബാദ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെയും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മമാണ് മോദി നിര്‍വഹിക്കുക.

പുത്തരിക്കണ്ടം മൈതാനത്തെ വേദിയില്‍ രാവിലെ 10.30നാണ് പരിപാടി. ഇന്നവേഷന്‍, ടെക്നോളജി ആന്‍ഡ് ഒന്‍ട്രപ്രനര്‍ഷിപ് ഹബ്ബിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. ആകെ 250 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു തറക്കല്ലിടുന്നത്. പിഎം സ്വനിധി പദ്ധതിക്കു കീഴില്‍ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള വായ്പ, ക്രെഡിറ്റ് കാര്‍ഡ് വിതരണ ഉദ്ഘാടനവും നിര്‍വഹിക്കും.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സില്‍വര്‍ലൈന്‍ പദ്ധതിക്കു പകരമായുള്ള അതിവേഗ റെയില്‍പാത അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമോ എന്ന പ്രതീക്ഷയിലാണ് കേരളം.

 തിരുവനന്തപുരം മെട്രോ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിക്കുമെന്നു സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളി, കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തിയതോടെയാണ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ഉയരുന്നത്.

 ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനങ്ങളെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ അതിവേഗപാത നിര്‍മിക്കുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.