മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്‌ക്കെതിരെ പാർട്ടി സെക്രട്ടറിക്ക് പരാതി എഴുതി നൽകുമെന്ന് പിവി അൻവർ എംഎൽഎ. നിലവിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പി ശശിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. പി ശശിയ്‌ക്കെതിരായുള്ള പരാതി പാർട്ടി സെക്രട്ടറിയ്ക്ക് എഴുതി നൽകുമെന്നാണ് പിവി അൻവർ പറഞ്ഞത്.
അതേസമയം പിവി അൻവർ എംഎൽഎ പൊലീസിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിക്കുന്നുണ്ട്. എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ മരണത്തിൽ പൊലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിവി അൻവർ പറഞ്ഞു. ബാസിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോർട്ട്.
എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസിലും ജനങ്ങൾക്കിടയിലും ചർച്ചകൾ നടന്നിരുന്നു. കരിപ്പൂരിലെ കള്ളക്കടത്തുമായി റിദാൻ ബാസിലിന് ചില ബന്ധമുണ്ടായിരുന്നു. അയാളുടെ കൈയ്യിലുള്ള ഫോൺ കൈക്കലാക്കാൻ എത്തിയ സംഘം സംഘർഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
ക്രിമിനൽ പശ്ചാത്തലമുള്ള എസ്പിയാണ് മലപ്പുറത്തെന്നും എഡിജിപി അജിത്ത് കുമാറാണ് അദ്ദേഹത്തെ അവിടെ വാഴാൻ അനുവദിക്കുന്നതെന്നും തനിക്ക് മനസിലായി. രാത്രി പത്ത് മണി കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നൽകാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്.
പൊലീസിന്റെ ഈ ഉത്തരവ് കള്ളക്കടത്തുകാരെ സഹായിക്കാനാണ്.