കൊച്ചിയിൽ പെൺവാണിഭ റാക്കറ്റ് പൊലീസ് വലയിൽ

കൊച്ചിയിൽ ഓൺലൈൻ പെൺവാണിഭ റാക്കറ്റ് പൊലീസിന്റെ വലയിലായി. ആറ് ഉത്തരേന്ത്യൻ സ്വദേശിനികളെ രക്ഷപ്പെടുത്തി. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനടക്കം നാലുപേരെ കസ്റ്റഡിയിൽ എടുത്തു.

author-image
Shyam Kopparambil
New Update
assault

കൊച്ചി: കൊച്ചിയിൽ ഓൺലൈൻ പെൺവാണിഭ റാക്കറ്റ് പൊലീസിന്റെ വലയിലായി. ആറ് ഉത്തരേന്ത്യൻ സ്വദേശിനികളെ രക്ഷപ്പെടുത്തി. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡിൽ നടത്തിപ്പുകാരനടക്കം നാലുപേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊച്ചിയിലെ വിവിധ ഹോസ്റ്റലുകളിലെ അന്തേവാസികളായ യുവതികളെ റാക്കറ്റ് വൻതുകനൽകി ചൂഷണത്തിന് ഇരയാക്കിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടും നടന്നതായി സംശയിക്കുന്നു.

മണ്ണാർക്കാട് സ്വദേശിയായ നടത്തിപ്പുകാരൻ, രണ്ട് ജീവനക്കാരൻ, ഇടപാടുകാരൻ എന്നിവരാണ് പിടിയിലായിട്ടുള്ളത്. എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു.

എന്നാൽ ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം മറ്റൊരു 'ബ്രാഞ്ച്" ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷിപ്പെടുത്തിയത്. രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് എടുക്കുക. മലയാളിയായ സ്ത്രീകളും റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽ നമ്പർ നൽകിയായിരുന്നു പ്രവർത്തനം.

അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിലും അനാശാസ്യ കേന്ദ്രങ്ങൾ നഗരത്തിൽ വ്യാപകമാണ്. കൊച്ചിയിൽ മാത്രം 100ലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും മറ്റും യുവതികളെ എത്തിച്ചാണ് പ്രവർത്തനം.

kochi sex racket