/kalakaumudi/media/media_files/2025/10/23/n-m-vijayan-2025-10-23-11-18-12.jpg)
ബത്തേരി: എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നാംപ്രതി, മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രണ്ടാംപ്രതി, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികള്‍ എന്നിങ്ങനെയാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നല്‍കിയിട്ടുള്ളത്.
ബാങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് എന്‍എം വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തില്‍ എന്‍ എം വിജയന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറയുന്നു.
നിയമനത്തിന് പണം വാങ്ങിയത് എംഎല്‍എ ആണെന്ന് ആരോപിക്കുന്ന കത്തില്‍, ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന വിവരമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എന്‍ എം വിജയന്‍ എഴുതി സൂക്ഷിച്ചിരുന്നു.