/kalakaumudi/media/media_files/2025/02/04/gkmpgS2Qw9pxrQ14qZ8P.jpg)
Syam Prasad
കോട്ടയം: മരണം ചിലപ്പോള്‍ അങ്ങനാണ് ആരും പ്രതീക്ഷിക്കാത്ത സമയത്ത് വന്നുകയറും...നഷ്ടപ്പെട്ടവര്‍ തിരിച്ചുവരില്ലെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് എന്നും അവരുടെ ഓര്‍മ്മകള്‍ വലുതായിരിക്കും. അതിന് സ്ഥാനമാനങ്ങളോ വലുപ്പച്ചെറുപ്പമോ ഇല്ല.
ഏറ്റുമാനൂരില്‍ ഒരു കൊടും ക്രിമിനലിന്റെ ആക്രമണണത്തില്‍ ജീവന്‍ നഷ്ടമായ പൊലീസ് ഓഫീസര്‍ ശ്യാംപ്രസാദിനെ കുറിച്ച് പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് വിതുമ്പല്‍ അടക്കാനാകുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ശ്യാംപ്രസാദ് ഒടിവില്‍ യാത്ര പറയുമ്പോള്‍ പറഞ്ഞ വാക്കുകള്‍ അറംപറ്റിയപോലായിരുന്നു മടക്കം.
'നമ്മളില്‍ ആരാണ് സാര്‍ ആദ്യം മരിക്കുന്നത്?' ശ്യാമിന്റെ ഈ ചോദ്യം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രശാന്ത് കുമാറിനോടായരുന്നു. ശ്യാംപ്രസാദിന്റെ ഉറ്റസുഹൃത്ത് അടുത്തകാലത്തു മരിച്ചിരുന്നു. സുഹൃത്തിന്റെ വേര്‍പാട് ശ്യാമിനു വലിയ ആഘാതമായി. പ്രശാന്ത് കുമാറാണു അപ്പോള്‍ ശ്യാമിനെ ആശ്വസിപ്പിച്ചത്. ഒരു സീനിയര്‍ ഓഫീസര്‍ മാത്രമായിരുന്നില്ല ശ്യാമിന് പ്രശാന്ത് സ്വന്തം സഹോദരന് തുല്യമായിരുന്നു. അതുകൊണ്ടാണ് ശ്യാമിനെക്കുറിച്ച് ഓരോ വാക്ക് പറയുമ്പോഴും പ്രശാന്തിന്റെ ശബ്ദം തേങ്ങലായി മാരുന്നത്.
നമ്മളില്‍ ആരാണ് സാര്‍ ആദ്യം മരിക്കുകയെന്നു ശ്യാംപ്രസാദ് പ്രശാന്ത് കുമാറിനോടു ചോദിച്ചത്. ഞാന്‍ മരിച്ചാല്‍ സാറിന് വാട്‌സാപ്പില്‍ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോള്‍ മരണം ദൈവമാണു തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാന്‍ പറ്റില്ലെന്നും പറഞ്ഞ് പ്രശാന്ത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.
നാളെ ഡ്യൂട്ടിയിലുണ്ടാവില്ലെന്നും പകരം മറ്റൊരാളാണു എത്തുകയെന്നും പറഞ്ഞാണു ശ്യാം യാത്ര പറഞ്ഞത്. പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലില്‍ എത്തിയിരുന്നു. ഇല്ലിക്കല്‍ മൈതാനം കണ്ടപ്പോള്‍ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായി ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു. ശ്യാം നേരത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്നു.
പിന്നീടാണ് പൊലീസ് ഡ്രൈവറായി ജോലി ലഭിച്ചത്. ജോലിയുടെ ഇടവേളകളില്‍ പൊലീസ് വാഹനത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകള്‍ പാടുമായിരുന്നു. ശ്യാം ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു. 'തന്റെ കുട്ടികള്‍ ശ്യാമിനെ അങ്കിള്‍ എന്നാണു വിളിച്ചിരുന്നത്. അവരെ ഞാന്‍ മരണവാര്‍ത്ത അറിയിച്ചിട്ടില്ല. അവന്റെ മൊബൈല്‍ നമ്പര്‍ ഒരിക്കലും ഞാന്‍ ഡിലീറ്റ് ചെയ്യില്ല. ശ്യാം ഒരു പക്ഷേ, എന്നെ വിളിച്ചേക്കുമെന്ന വാക്കുകള്‍ കേട്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണയിച്ചു. ഇനി ഒരക്കലും വിളിക്കില്ലെന്നറായാമെങ്കിലും എന്നെങ്കിലും വിളിക്കുമെന്ന് ആശ്വസിക്കാമെന്നെഹ്കിലും അദ്ദേഹം കരുതിയിട്ടുണ്ടാകും.
കഴിഞ്ഞദിവസം വെളുപ്പിന് ഒരുമണിയോടെയാണ് കാരിത്താസ് ജംക്ഷനു സമീപത്തെ തട്ടുകടയില്‍ വച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവര്‍ മാഞ്ഞൂര്‍ സൗത്ത് നീണ്ടൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44)നെ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് എന്ന കൊടും ക്രിമിനല്‍ ആക്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൊല്ലപ്പെട്ട ശ്യാം പ്രസാദ്.
ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വിഡിയോ എടുക്കാന്‍ തുടങ്ങി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ്. ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പൊലീസ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരിച്ചു.