/kalakaumudi/media/media_files/2025/03/12/WykdautyNXKh2lxlE0qg.jpg)
വയനാട്: മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. കണ്ണൂരില്‍ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വഴിയോര കച്ചവടക്കാരന്‍ വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ ശ്രീധരന്‍ (65) മരിച്ചു.
ഇന്ന് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. പ്രദേശത്ത് മഴ പെയ്ത് റോഡ് നനഞ്ഞ നിലയില്‍ ആയിരുന്നതിനാല്‍ വാഹനം സ്ലിപ്പായതാകാമെന്നാണ് നിഗമനം. ബത്തേരി കോടതിയില്‍ ഹാജരാകേണ്ട മോഷണ കേസിലെ പ്രതിയുമായി പോകുകയായിരുന്ന ജീപ്പ് വള്ളിയൂര്‍കാവിനടുത്ത് വെച്ച് ചേമ്പ് കച്ചവടം നടത്തിയിരുന്ന ശ്രീധരനെ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ആല്‍മരത്തില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ജീപ്പിനകത്തുണ്ടായിരുന്ന പൊലീസുകാര്‍ക്കും പ്രതിക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ജീപ്പ് ഇടിച്ചിട്ട ശ്രീധരനെ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവല്‍, വി കൃഷ്ണന്‍, പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.