മുക്കത്ത് കള്ളക്കടത്തുമായി പോലീസ് പിടിച്ച വാഹനങ്ങൾ കാണാനില്ല

ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി

author-image
Vineeth Sudhakar
New Update
police jeep

കോഴിക്കോട്  :ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി. കഴിഞ്ഞ നവംബർ ഒൻപതിന് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ തന്നെ സൂക്ഷിക്കാൻ ഏൽപിച്ചതായിരുന്നു. കഴിഞ്ഞ ദിവസം മുതൽ വാഹനം കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണു മുക്കം പൊലീസിൽ പരാതി നൽകിയത്.തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിലെത്തിയപ്പോഴാണു വാഹനം കാണാതായ കാര്യം വ്യക്തമായത്. വാഹനത്തിൽ, ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള ഉടമസ്ഥ രേഖകൾ കീറിയിട്ട നിലയിൽ നേരത്തേ കണ്ടെത്തിയിരുന്നു. ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്റ്റംബർ 23നു നടത്തിയ ഓപറേഷൻ നുംഖുർ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നായി 16 വാഹനങ്ങളാണു പിടിച്ചെടുത്തത്.മലപ്പുറം വെട്ടിച്ചിറയിലെ ഷോറൂമിൽനിന്ന് 13 വാഹനങ്ങളും മുക്കം, കുറ്റിപ്പുറം, കോഴിക്കോട് തൊണ്ടയാട് എന്നിവിടങ്ങളിൽ നിന്നായി 3 വാഹനവും പിടിച്ചെടുത്തിരുന്നു. തൊണ്ടയാട്ടെ ഷോറൂമിൽനിന്നു കണ്ടെത്തിയ കാറും അവിടെത്തന്നെ സൂക്ഷിക്കാൻ കസ്റ്റംസ് നിർദേശിച്ചിരുന്നു. കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുമ്ഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി ഹിമാചൽ പ്രദേശിൽ റജിസ്റ്റർ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണു കേസ് അന്വേഷിക്കുന്നത്. ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു.ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ റജിസ്ട്രേഷൻ നമ്പറിലാണു കൂടുതൽ വാഹനങ്ങളും റജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ റജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണു കേരളത്തിൽ കാറുകൾ വിറ്റതും. കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ റജിസ്റ്റർ ചെയ്തു ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണു ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ചു വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്കു വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.