പള്ളുരുത്തി: പാസ്‌പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെയാണ് അന്വേഷണവിധേയമായി കൊച്ചി ഡി.സി.പി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തതിനെത്തുടർന്നാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പാസ്‌പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയുടെ വീട്ടിൽ വെരിഫിക്കേഷന് പോകുന്നതിന് പകരം, തന്നെ വന്നു കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബി.ഒ.ടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് സമീപമെത്താൻ നിർദ്ദേശിച്ചു. ഇവിടെയെത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറാൻ ആവശ്യപ്പെടുകയും തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്.
യുവതി തൊട്ടടുത്ത ദിവസം പരാതി നൽകിയതിനെത്തുടർന്ന് ഹാർബർ പൊലീസ് വിജേഷിനെതിരെ കേസെടുത്തു. ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നതായാണ് വിവരം. പ്രതിയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
