യുവാവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് ചമഞ്ഞ്; യുവതി ഉൾപ്പെടെ അറസ്റ്റിൽ

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന. സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.

author-image
Shyam Kopparambil
New Update
Crime

കൊച്ചി: എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത് പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന. സംഘത്തിലെ യുവതി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സ്വദേശി ജോയൽ (24), തൃക്കാക്കര സ്വദേശി സാബിർ അബുതാഹിർ (20), ജീവിതപങ്കാളി ജസ്രീന (18) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും തോക്കും പിടിച്ചെടുത്തു. സംഘത്തിലെ മുഖ്യപ്രതികൾക്കായി തെരച്ചിൽ തുടരുന്നു. ഇവർ ഉടൻ പിടിയിലായേക്കും.

കഴിഞ്ഞ 7ന് രാത്രി 9.30നാണ് പൂനെ സ്വദേശി ചിൻമെ ദത്താരം ആംബ്രേയയെ (20) തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയത്. ഹൈക്കോടതി ജംഗ്ഷന് സമീപത്തെ സ്വപ്നിൽ എൻക്ലേവിൽ താമസിക്കുന്ന യുവാവ് അയ്യപ്പൻകാവ് എൽ.ബി കോംപ്ലക്സിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ കാൽനടയായി പോകവേ അയ്യപ്പൻകാവ് റോഡിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. കേരള പൊലീസിന്റെ ലഹരിവിരുദ്ധസ്ക്വാഡിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് സംഘം യുവാവിനെ സമീപിച്ചത്. ആംബ്രേയയുടെ മൊബൈൽഫോണിൽ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഫോൺ പിടിച്ചുവാങ്ങി.

തുടർന്ന് കാറിനകത്തുവച്ച് ഭീഷണിപ്പെടുത്തി ഗൂഗിൾപേവഴി 3000രൂപ തട്ടിയെടുത്തശേഷം പാലാരിവട്ടത്തെ ഇടറോഡിൽ ഉപേക്ഷിച്ച് കടന്നു.

പ്രതികൾ സഞ്ചരിച്ച കാർ എറണാകുളം നോർത്തിലെ പെട്രോൾപമ്പിലെ സി.സി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കാർ വടക്കൻപറവൂരിലെ റെന്റ് എ കാർ സ്ഥാപനത്തിൽനിന്ന് വാടകയ്ക്ക് എടുത്തതാണെന്ന് തിരിച്ചറിഞ്ഞുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൂന്നുപേരെയും ആലുവ ചൂണ്ടിയിലെ വാടകവീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. കവർച്ചയ്ക്ക് നേതൃത്വം നൽകിയ ഒന്നും രണ്ടും പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ മയക്കുമരുന്ന് വിതരണ കേസുകളിൽ പ്രതികളാണ്.

അറസ്റ്റിലായ അബുതാഹിർ ആലുവയിലെ റെന്റ് എ കാർ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇയാൾക്കെതിരെ പോക്സോകേസ് നിലവിലുണ്ട്. ജസ്രീനയ്ക്കൊപ്പമാണ് താമസം. മുഖ്യപ്രതികൾ ഉൾപ്പെട്ട അഞ്ചംഗസംഘം സംഭവദിവസം മറ്റൊരു ഇടപാടിനായി എറണാകുളത്ത് എത്തിയപ്പോഴാണ് പൂനെ സ്വദേശിയെ കണ്ടതും തട്ടിക്കൊണ്ടുപോയതും.

നോർത്ത് എസ്.എച്ച്.ഒ ജിജിൻ ജോസഫ്, എസ്.ഐ പി. പ്രമോദ്, പ്രബേഷൻ എസ്.ഐ എസ്. അനീഷ്, സീനിയർ സി.പി.ഒ അജിലേഷ്, സി.പി.ഒ റിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

kochi