തൃക്കാക്കര: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. കൊച്ചി സൈബർ പൊലീസ് ആണ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിനാണ് കേസ്. അനധികൃത ഫ്ലക്‌സ് ബോർഡുകൾക്കെതിരായ ഉത്തരവിന്റെ പേരിലായിരുന്നു ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണമുണ്ടായത്.പാതയോരത്തെ അനധികൃത ഫ്ലക്‌സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു." ഇതിന് പിന്നാലെയാണ് സൈബർ ആക്രമണമുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിലെ ഒരു പരിപാടിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ പോസ്റ്ററുകൾ വിവിധ സ്ഥലങ്ങളിൽ പതിപ്പിച്ചിരുന്നു. പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നതാണ്. എന്നാൽ ഈ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള സൈബറാക്രമണം.