/kalakaumudi/media/media_files/2025/12/18/potti-2025-12-18-07-59-12.jpg)
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വൈറലായ 'പോറ്റിയെ കേറ്റിയേ' എന്ന പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. പാട്ട് തയ്യാറാക്കിയ കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്നാണ് വിവരം.
പാട്ടിലൂടെ മതവികാരം വൃണപ്പെടുത്തിയെന്നും, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പാരഡി ഗാനത്തിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിന്‍വലിക്കണമെന്നാണ് പ്രസാദിന്റെ ആവശ്യം.
പാട്ട് തയ്യാറാക്കിയവര്‍ക്കെതിരേയും പാട്ട് ഉപയോഗിച്ചവര്‍ക്കെതിരേയും നടപടി വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പാട്ട് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. മലപ്പുറംകാരായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടിയാണ് ഈ പാരഡി ഗാനം ചിട്ടപ്പെടുത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
