സംസ്ഥാന ലിസ്റ്റില്‍ വിഎസ്സും വെള്ളാപ്പള്ളിയുമില്ല; കടത്തിവെട്ടിയത് ബിജെപി

മൂന്നാംവട്ടം പിണറായിസര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മുസ്ലിംവിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തിലിടംപിടിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് പത്മഭൂഷനും ലഭിച്ചു

author-image
Biju
New Update
vs3

തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വൈര്യത്തിനിടെ പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പത്മ അവാര്‍ഡ് പട്ടികയില്‍ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനം കടന്നുകൂടിയത് പാര്‍ട്ടി അണികള്‍ക്കും സമുദായാംഗങ്ങള്‍ക്കും അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. 

ബിജെപിയോട് ഒരുവിട്ടുവീഴ്ചയ്ക്കും ഒരുകാലത്തും തയ്യാറാകാത്ത കമ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദനെയാണ് മരണാനന്തരബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. ഒപ്പം, മൂന്നാംവട്ടം പിണറായിസര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മുസ്ലിംവിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തിലിടംപിടിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് പത്മഭൂഷനും ലഭിച്ചു. 

ഇതുരണ്ടും സംസ്ഥാനസര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂട്ടിയുടെയും കലാമണ്ഡലം വിമലാമേനോന്റെയും പേര് സംസ്ഥാനത്തിന്റെ ശുപാര്‍ശപ്പട്ടികയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞതവണയും മമ്മൂട്ടിയെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു.

ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് ഞായറാഴ്ച ഉച്ചയോടെ സാമൂഹികമാധ്യമത്തില്‍ കുറിച്ച വരികള്‍, 'ഏറെ സന്തോഷവും അഭിമാനവും വരുന്ന വാര്‍ത്ത കേള്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം' എന്നായിരുന്നു. കേരളത്തില്‍ ജനപിന്തുണയുടെ കാര്യത്തില്‍ സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് മുഖമായിരുന്നു വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിനെ ആദരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നതിനുപിന്നിലുള്ള രാഷ്ട്രീയപ്രാധാന്യമേറെ. കേരളത്തിലെ ഇടതുമനസ്സിലേക്ക് ബിജെപിക്ക് ഇടംനേടാനാകുന്ന 'പരിഗണനയായി' ഈ പുരസ്‌കാരത്തിനുപിന്നിലെ രാഷ്ട്രീയത്തെ വിലയിരുത്തുന്നവരുണ്ട്.

വെള്ളാപ്പള്ളിയുടെ അംഗീകാരത്തിനും രാഷ്ട്രീയപ്രാധാന്യം കൂടും. എന്‍ഡിഎ മുന്നണിയില്‍ നില്‍ക്കണോ പോകണോ എന്ന ആഭ്യന്തരചര്‍ച്ചയില്‍ മുറുകിനില്‍ക്കുകയാണ് വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബിഡിജെഎസ് ആ നീക്കത്തിന് 'ചെക്ക്' വെക്കുന്നതാകും ഈ പുരസ്‌കാരം. 

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് ആദ്യ കാഹളം മുഴക്കിയത് വെള്ളാപ്പള്ളിയാണ്. ഹിന്ദുസംഘടനകളുടെ ഐക്യം എന്ന നിലയിലേക്ക് ഇതിനെ മാറ്റണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് ആഗ്രഹം ഏറെയാണ്. അതിലൊക്കെ ഉപരിയായി, ഈഴവവോട്ടുകളെ അടുപ്പിച്ചുനിര്‍ത്തുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. ഇതേ വോട്ടുബാങ്കിലാണ് ഇടതുപക്ഷവും കരുത്തോടെ നില്‍ക്കുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ ഈഴവവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മുസ്ലിംവിരുദ്ധപ്രസ്താവന നടത്തിയിട്ടും വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിക്കുന്ന സമീപനം മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്.