രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ തന്റെ കൃത്രിമ കാലുകൾ സഭയുടെ മേശപ്പുറത്തുവെച്ച ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്റെ നടപടിക്ക് പിന്നാലെ സഭയിൽ തർക്കം

പ്രതിഷേധം ശക്തമായതോടെ മേശപ്പുറത്ത് വെച്ചിരുന്ന കൃത്രിമകാലുകൾ അവിടെനിന്നും മാറ്റാൻ രാജ്യസഭാ അധ്യക്ഷൻ സദാനന്ദനോട് ആവശ്യപ്പെട്ടു. കാലുകൾ മാറ്റിയതിനു പിന്നലെ സദാനന്ദൻ  ഗണഗീതം ആലപിക്കുകയും ചെയ്തു

author-image
Vineeth Sudhakar
New Update
IMG_2136

ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ തന്റെ കൃത്രിമ കാലുകൾ സഭയുടെ മേശപ്പുറത്തുവെച്ച ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്റെ നടപടിക്ക് പിന്നാലെ സഭയിൽ തർക്കം.തന്റെ കാലുകൾ വെട്ടിമാറ്റിയത് സിപിഎം ആണെന്ന് ആരോപിച്ച സദാനന്ദൻ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമാണ് നടത്തിയത്. 
ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളയുകയായിരുന്നു അതിനാൽ എഴുന്നേറ്റ് നിന്ന് തനിക്ക് സംസാരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് തന്റെ കൃത്രിമ കാലുകൾ മേശപ്പുറത്തു വെക്കുക ആയിരുന്നു.തനിക്കും ബലമുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഉപയോഗിക്കുന്നത് ഈ വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടു.ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവരാണ് 31 വർഷം മുൻപ് തന്നെ ആക്രമിച്ചത്. സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം അണികൾ തന്റെ ഇരുകാലുകളും വെട്ടിയത് എന്നും അദ്ദേഹം സഭയിൽ വിളിച്ച് പറഞ്ഞു.സദാനന്ദൻ പ്രസംഗം തുടങ്ങിയതിനു പിന്നാലെ തന്നെ സഭയിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ചത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന്  ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത് എന്നും ബ്രിട്ടസ് മറുപടി നൽകി.പ്രതിഷേധം ശക്തമായതോടെ മേശപ്പുറത്ത് വെച്ചിരുന്ന കൃത്രിമകാലുകൾ അവിടെനിന്നും മാറ്റാൻ രാജ്യസഭാ അധ്യക്ഷൻ സദാനന്ദനോട് ആവശ്യപ്പെട്ടു. കാലുകൾ മാറ്റിയതിനു പിന്നലെ സദാനന്ദൻ  ഗണഗീതം ആലപിക്കുകയും ചെയ്തു.തുടർന്ന് ശബരിമല വിഷയത്തെ കുറിച്ച് സംസാരിച്ചതും കേരളത്തിൽ നിന്ന് യുവാക്കൾ നാട് വിട്ട് വിദേശത്ത് പോകുന്നതിനെ കുറിച്ചും സദാനന്ദൻ രൂക്ഷമായി വിമർശിച്ചു.