തൃശൂർ പൂര വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ സഹായിക്കാം ഇങ്ങോട്ട് ഉപദ്രവിക്കരുതെന്ന നിലപാടാണ് പിണറായിയുടേതെന്ന് സതീശൻ പറഞ്ഞു. എല്ലാവരുടെയും അറിവോടെയാണ് പൂരം കലക്കിയതെന്നും വിഡി സതീശൻ ആരോപിച്ചു.
എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നതെന്ന് ചോദിച്ച സതീശൻ അത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങൾ വന്നിട്ട് മറുപടി പറയാൻ ആകെയുണ്ടായത് മരുമോൻ മന്ത്രി മാത്രമാണ്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സതീശൻ പറഞ്ഞു.
പിണറായി സർക്കാരിന്റേത് ഇരട്ടത്താപ്പാണ്. നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് സർക്കാർ നിലപാട്. പി ശശിയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. തൃശൂർ പൂരം കലക്കിയെന്ന ആരോപണത്തിൽ ആരോപണവിധേയൻ തന്നെ അന്വേഷണം നടത്തുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
തൃശൂർ മണ്ഡലത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് സതീശൻ ആരോപിച്ചു. സുരേഷ്‌ഗോപിയെ പൊലീസ് ആംബുലൻസിൽ എത്തിച്ചു. നേരത്തെ തയ്യാറാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്നും സതീശൻ ആരോപിച്ചു.