/kalakaumudi/media/media_files/2025/02/16/RcctqDj8X0iDWbrxw9p8.jpg)
അപകടത്തിൽ മരിച്ച ദിലീപും ഭാര്യ നീതുവും
പോത്തന്‍കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ദമ്പതികള്‍ക്കു ദാരുണാന്ത്യം. അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനില്‍ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണ് മരിച്ചത്.
പോത്തന്‍കോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള ഇവരുടെ നില അതീവഗുരുതരമാണെന്നു അധികൃതര്‍ പറഞ്ഞു.
യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗത്തില്‍ നിയന്ത്രണം തെറ്റി ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 8.45ന് ഞാണ്ടൂര്‍ക്കോണം മേലെമുക്കിലായിരുന്നു അപകടം. അണ്ടൂര്‍ക്കോണത്തുള്ള കുടുംബവീട്ടില്‍ പോയി അയിരൂപ്പാറയിലേക്കു മടങ്ങുകയായിരുന്നു നീതുവും ദിലീപും.
ഇടിയുടെ ആഘാതത്തില്‍ ദിലീപ് റോഡിലും നീതു റോഡരികിലെ മതിലിനപ്പുറത്തേക്കും തെറിച്ചുപോയി. വീടിന്റെ ചുമരില്‍ തലയിടിച്ചാണു നീതു വീണത്. തലയ്ക്കു സാരമായി പരുക്കേറ്റു ചലനമറ്റു കിടന്നതിനാല്‍ ഏറെനേരം കഴിഞ്ഞാണ് നീതുവിനെ കണ്ടെത്തിയത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.