സത്രീകളുടെ ഏറ്റവും വലിയ ശത്രു സ്ത്രീകൾ തന്നെയാണെന്ന് നടി ശ്വേതാ മേനോൻ. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും അതിൽ സ്ത്രീകളും ഉണ്ടെന്നും ശ്വേത വ്യക്തമാക്കി. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാർ ഒപ്പിട്ട ശേഷം ഒൻപത് സിനിമകൾ ഇല്ലാതായെന്നും ശ്വേതാ മേനോൻ പറഞ്ഞു.
സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു. അവർ പരസ്പരം പിന്തുണച്ചാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പലരും തുറന്നു പറഞ്ഞേക്കും. ഞാൻ തന്നെ പത്ത് പന്ത്രണ്ട് കേസുകളിൽ പോരാടുന്ന ആളാണ്. നോ പറയേണ്ടടത്ത് നോ പറയണം. നോ പറയാത്തതു കൊണ്ട് വരുന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ.
ഒരുപാട് സ്ത്രീകൾ നേരിട്ട ബുദ്ധിമുട്ടുകൾ എനിക്ക് നേരിട്ടറിയാം. വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളിൽ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്‌സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും.
നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് പറയണം. വിലക്കുകൾ ഉണ്ടാകും. അനധികൃത വിലക്ക് ഞാനും നേരിട്ടിട്ടുണ്ട്. കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതായത് അതിന്റെ ഭാഗമാകും. കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്ക് കിട്ടി.
പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല. പവർ ഗ്രൂപ്പ് സിനിമയിൽ ഉണ്ടാകാം, അതിൽ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകും. അവർ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുമുണ്ട് എന്നാണ് ശ്വേതാ മേനോൻ പറയുന്നത്.