തലശ്ശേരി: കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല. വിധി ദിവ്യയ്ക്കും അന്വേഷണസംഘത്തിനും നിര്‍ണായകമാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
ഇല്ലെങ്കില്‍ കണ്ണൂര്‍ ഒന്നാം ക്‌ളാസ് മജിസ്ട്രേട്ടിനു മുന്‍പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലോ ഹാജരായി ജാമ്യമെടുക്കേണ്ടിവരും. സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം നല്‍കുകയാണെങ്കില്‍ അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജാരാകേണ്ടി വരും.
ദിവ്യ ഒളിവില്‍ കഴിയവെ ആദ്യമായി തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്നു. യോഗം തുടങ്ങിയ ഉടന്‍ ദിവ്യയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി.