/kalakaumudi/media/media_files/myO7VFSRbKSB1Mx1R1v7.jpg)
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് വാദം തെറ്റാണെന്ന് വി ഡി സതീശൻ. പി പി ദിവ്യ കീഴടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ പാർട്ടി ഗ്രാമത്തിൽ സംരക്ഷണത്തിലായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞത് മുഴുവൻ ശരിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിർദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചത്. അവരെ രക്ഷപ്പെടുത്താനുള്ള മുഴുവൻ ശ്രമവും നടത്തി. നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അഴിമതിക്കെതിരെ ശബ്ദമുയർത്തി ആദർശത്തിന്റെ പരിപ്രേഷ്യം കൂടി പ്രതിക്ക് കൊടുക്കാൻ പാർട്ടി ശ്രമിച്ചു. എന്നാൽ ദയനീയമായി പരാജയപ്പെട്ടുവെന്നും സതീശൻ പറഞ്ഞു.
അഴിമതിക്കാരനെന്ന് അദ്ദേഹത്തെ താറടിക്കാനുള്ള ശ്രമം വ്യജ ഒപ്പിലൂടെയാണ് നടത്തിയതെന്ന് മാധ്യമങ്ങൾ തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരാതി തയ്യാറാക്കിയത് എകെജി സെന്ററാണെന്നും ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വിഡി സതീഷൻ ആരോപിച്ചു. പൊലീസിന്റെ മുന്നിൽ തന്നെ പി പി ദിവ്യയുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
ഒന്നാം പിണറായി സർക്കാർ ശിവശങ്കറിന്റെ നിയന്ത്രണത്തിലാണെങ്കിൽ രണ്ടാം പിണറായി സർക്കാർ ഈ ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ്. വിഐപി പ്രതിയല്ലേ, അവരുടെ മുഖം കവർ ചെയ്യാനുള്ള കവർ കൂടി നൽകാമായിരുന്നു. അത്ര സംരക്ഷണത്തോട് കൂടിയാണ് പൊലീസ് ദിവ്യയെ കൊണ്ടു പോയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടും ജനങ്ങൾ നോക്കികാണുന്നത് കൊണ്ടുള്ള ഭയം കൊണ്ട് കൂടിയാണ് നടപടിയെടുത്തത് സതീശൻ പറഞ്ഞു.