കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ സംഭവത്തിൽ ഒന്നാം പ്രതിയായ പ്രബീഷിനു വധശിക്ഷ വിധിച്ചു

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിക്കുകയും രജനിയുടെ അമ്മ ഉൾപ്പെടെയുള്ളവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകുകയും ചെയ്തു.

author-image
Devina
New Update
kainakari murder

കുട്ടനാട്: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിലെ ഒന്നാം പ്രതിയായ പ്രബീഷിനു വധശിക്ഷ വിധിച്ചു  ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി.

പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് പ്രബീഷും സുഹൃത്തായ രജനിയും ചേർത്ത് കൊലപ്പെടുത്തിയത് .

വിവാഹിതരായിരിക്കെ അനിതയുമായും രജനിയുമായും അടുപ്പത്തിലായിരുന്ന പ്രബീഷ്, അനിത ഗർഭിണിയായതിനെത്തുടർന്ന് അവരെ ഒഴിവാക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

അന്ന് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്തിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു.

തുടർന്ന് പ്രബീഷ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുമ്പോൾ നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിക്കുകയും, ബോധരഹിതയായ അനിതയെ കൊല്ലപ്പെട്ടു എന്ന് കരുതി ഇരുവരും ചേർന്ന് പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു.

പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിച്ച നെടുമുടി പോലീസാണ് കൊലപാതകമാണെന്ന് തെളിയിച്ചത്.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിക്കുകയും രജനിയുടെ അമ്മ ഉൾപ്പെടെയുള്ളവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകുകയും ചെയ്തു.